തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ബജറ്റില്‍ വെട്ടിക്കുറച്ചെന്ന പ്രതിപക്ഷ ആരോപണത്തിൽ മറുപടിയുമായി വി.ഡി. സതീശൻ. നിങ്ങളുടെ സർക്കാറാണ് തുടരുന്നതെങ്കിൽ 5,750 കോടി രൂപ കുറക്കേണ്ടി വരുമായിരുന്നുവെന്നും ഇങ്ങോട്ട് വിരൽ ചൂണ്ടുമ്പോൾ നാല് വിരലും നിങ്ങളുടെ നെഞ്ചിന്റെ അകത്തോട്ടാണ് കേറി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ജി.ആർ അനിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഫണ്ട് വെട്ടിക്കുറച്ചത് മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ജി ആര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പലതവണ പറഞ്ഞ കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് പറഞ്ഞ കാര്യം റൂള്‍ 15 ആയി കൊണ്ടുവരുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവും അംഗങ്ങളും ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഈ സർക്കാർ വന്നില്ല എന്നൊന്ന് സങ്കൽപ്പിക്കുക, കുറച്ചു നേരത്തേക്കു സന്തോഷം കിട്ടുമല്ലോ... ആ സർക്കാരിന്റെ ബജറ്റ് തുടരുകയാണെന്ന് വിചാരിക്കുക. 10,189 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച ആ പ്ലാൻ ഈ വർഷം നടപ്പാക്കിയിരുന്നുവെങ്കിൽ, 57 ശതമാനം തുക കുറക്കേണ്ടി വരുമായിരുന്നു. അതായത് 5,750 കോടി രൂപ കുറക്കേണ്ട ഗതികേടിൽ ആ ഗവൺമെന്റ് ഉണ്ടാവുമായിരുന്നു. എന്നാൽ, ഞങ്ങൾ പൊതുസമൂഹത്തോടും നിയമസഭയോടും കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി 1533 കോടി കുറച്ചതാണ്. നിങ്ങൾ ഇങ്ങോട്ട് വിരൽ ചൂണ്ടുമ്പോൾ നാല് വിരലും നിങ്ങളുടെ നെഞ്ചിന്റെ അകത്തോട്ടാണ് കേറി പോകുന്നത്.
പട്ടികജാതി -പട്ടികവർഗ്ഗക്കാരുടെ പ്രശ്നം പറഞ്ഞു. അങ്ങ് കൂടി മന്ത്രിയായിരുന്ന മന്ത്രിസഭ കഴിഞ്ഞ ബജറ്റിൽ 500 കോടി രൂപയാണ് എസ്.സി ഫണ്ട് വെട്ടിക്കുറച്ചത്. എസ്ടിയുടെ 112 കോടിയും കുറച്ചു. ഇതെല്ലാം ചെയ്തിട്ടാണ് ഇവർ വരുന്നത്. ഇത് യാഥാർഥ്യ ബോധ്യത്തോടു കൂടിയുള്ള ബജറ്റ് ആണ്. നമ്മുടെ കൈയ്യിൽ അത്രയേ പൈസയുള്ളൂ.
പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശപ്രകാരം റൂറൽ ലോക്കൽ ബോഡികൾക്കുള്ള ഗ്രാൻഡ് കുറവാണ്. അർബൻ ലോക്കൽ ബോഡികൾക്കുള്ള ഗ്രാൻറ് കൂടുതലാണ്. റൂറൽ ലോക്കൽ ബോഡിക്ക് 405 കോടി രൂപയും അർബൻ ലോക്കൽ ബോഡിക്ക് 2145 കോടി രൂപയാണ് ഈ വർഷത്തെ വകയിരുത്തൽ. കേരളത്തിലെ 83 ശതമാനം പ്രദേശവും അർബൻ ഏരിയ ആണെന്ന് പറഞ്ഞിട്ടുള്ള ഒരു തെറ്റായ കണക്കാണ് നമ്മുടെ 16ം ധനകാര്യ കമ്മീഷൻ വെച്ചിരിക്കുന്നത്.
അത് വെച്ചിട്ട് പഞ്ചായത്തുകൾക്ക് നമുക്ക് 405 കോടിയേ കൊടുക്കാൻ പറ്റുുള്ളൂ. 2145 അർബന് കൊടുക്കണം. അത് അസമത്വമാണ്. പ്രാദേശിക സർക്കാരുകൾക്കുള്ള സാധാരണ വിഹിതത്തിൽ നിന്നും 300 കോടി രൂപ മാത്രം മുൻസിപ്പാലിറ്റികൾക്കും മുൻസിപ്പൽ കോർപ്പറേഷനുകൾക്കും ജനസംഖ്യാ അടിസ്ഥാനത്തിൽ വിഹിതം വെക്കുകയും ബാക്കി തുക മുഴുവനായി 70:15:15 എന്ന അനുപാതത്തിൽ ഗ്രാമ പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്തുകൾക്കും വകയിരുത്തുകയും ചെയ്തു.
തുകയുടെ കാര്യത്തിലല്ല പ്രശ്നം. ധനകാര്യ കമ്മീഷന്റെ പൈസ വരുമ്പോൾ അത് ടൈഡ് ഫണ്ട് ആണ്. നമ്മൾ കൊടുക്കുന്നത് പ്ലാനിൽ അൺടൈഡ് ഫണ്ടായാണ്. മുൻസിപ്പാലിറ്റികൾക്കുള്ള പരാതി ടൈഡ് ഫണ്ട് അവർക്ക് കൂടുതലാണ് എന്നതാണ്. അവർക്ക് പ്രായോഗികമായ പ്രയാസങ്ങൾ ഉണ്ടാകും. കേന്ദ്രവുമായി സംസാരിച്ച് പരിഹരിക്കാൻ വേണ്ട ശ്രമം നടത്തും’ -വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.