എസ്. ശ്രീശാന്ത്
തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. കേരള ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് ശ്രീശാന്തിന് അനുകൂലമായ തീരുമാനം. ‘ഏരീസ് കൊല്ലം സെയിലേഴ്സ്’ ഫ്രാഞ്ചൈസിയുടെ സഹ ഉടമയാണ് അദ്ദേഹം.
കഴിഞ്ഞ കെ.സി.എൽ സീസൺ മത്സരങ്ങൾക്ക് മുമ്പായിരുന്നു കെ.സി.എ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. കെ.സി.എ ഭാരവാഹികളെ അപകീർത്തിപെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് വിലക്കേർപ്പെടുത്തിയത്. പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി നൽകിയ മാപ്പപേക്ഷ സ്വീകരിച്ചാണ് വിലക്ക് നീക്കിയത്. ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് ജനറൽ ബോഡി യോഗം മുന്നറിയിപ്പ് നൽകി.
സഞ്ജു സാംസണെ പിന്തുണച്ചുകൊണ്ട് കെ.സി.എ നേതൃത്വത്തിനെതിരെ താരം കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളി. ഇതോടെയാണ് അസോസിയേഷന് മുന്നിൽ ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചത്. വിലക്ക് നിലനിന്നിരുന്നെങ്കിൽ കെ.സി.എല്ലുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പദവികളും വഹിക്കാൻ താരത്തിന് കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.