'വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോൺഗ്രസ് സൈന്യത്തെ അപമാനിച്ചു'

തിരുവനന്തപുരം: വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോൺഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 2019ൽ കർണാടകയിലെ ചിത്രദുർഗയിൽ മോദി പ്രചാരണത്തിനെത്തിയപ്പോൾ ഹെലികോപ്റ്ററിൽ നിന്നിറക്കിയ പെട്ടി സ്വകാര്യ വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് എക്സ് പോസ്റ്റിൽ പങ്കുവെച്ചിരുന്നു. പെട്ടിയിലെന്തായിരുന്നു എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. ഇതിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രന്‍റെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോയാണ് കോൺഗ്രസ് പ്രചരിപ്പിച്ചതെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ കേരള ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഇതേ അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജ വീഡിയോ ആദ്യം പ്രചരിപ്പിച്ചത്. ഇത് വ്യാജമാണെന്ന് അന്നേ തെളിഞ്ഞതാണ്. എന്നാൽ അതിന് മാപ്പ് പറയുന്നതിന് പകരം വീണ്ടും വ്യാജ വിഡിയോ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തത്. വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകൾ പണം കടത്തുവാൻ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിന്‍റെ സൈന്യത്തെയാണ് അപമാനിക്കുന്നത്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - K Surendran demands action against Congress X post on Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.