ശുഹൈബ് അടക്കമുള്ളവരുടെ ചോരക്ക് സി.പി.എമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കും -കെ. സുധാകരന്‍

തിരുവനന്തപുരം: മട്ടന്നൂര്‍ ശുഹൈബിന്റെ ഘാതകര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. ശുഹൈബ് ഉള്‍പ്പെടെയുള്ള രക്തസാക്ഷികളുടെ ചോരക്ക് സി.പി.എമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടിട്ടും അത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച കണ്ണില്‍ച്ചോരയില്ലാത്തവരാണ് സി.പി.എമ്മുകാര്‍. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത നടപടിയിലൂടെ ശുഹൈബിന്റെ കുടുംബത്തിന് കിട്ടേണ്ട നീതി നിഷേധിച്ച സി.പി.എമ്മിന്റെ ക്രൂരമനസിന്റെ ആഴം കേരളീയ സമൂഹത്തിന് മനസിലായി. മകനെ നഷ്ടപ്പെട്ട ഉമ്മയും വാപ്പയും നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിച്ച് ആപേക്ഷിച്ചിട്ടും കൊലപാതികള്‍ക്ക് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ഖജനാവില്‍നിന്നും 1.36 കോടി രൂപ ചെലവാക്കി മുന്‍നിര അഭിഭാഷകരെ നിയോഗിച്ച് കൊലപാതകികളെ രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ശുഹൈബ് വധക്കേസില്‍ സത്യസന്ധമായ അന്വേഷണത്തിന് എതിര് നില്‍ക്കുന്നതില്‍ നിന്നുതന്നെ ഈ കൊലപാതകത്തിലുള്ള സി.പി.എമ്മിന്‍റെ പങ്ക് വ്യക്തമാണ്. സുപ്രീംകോടതിയില്‍ നിന്നും സി.ബി.ഐ അന്വേഷണത്തിനുള്ള അനുകൂലവിധി ലഭിക്കുമെന്ന വിശ്വാസമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ശുഹൈബിനെ കൊന്നത് സി.പി.എമ്മാണെന്നാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ പറഞ്ഞത്. കണ്ണൂരില്‍ സി.പി.എം പ്രതിസ്ഥാനത്തുള്ള ഓരോ കൊലപാതകത്തിലും നേതൃത്വത്തിന്റെ അറിവും സമ്മതവുമുണ്ട്. കേരളീയ സമൂഹം സി.പി.എമ്മിന്റെ കൊലയാളി മുഖം തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം അമ്പതോളം ചെറുപ്പക്കാരെ സി.പി.എം കൊന്നുതള്ളി.

പെരിയയില്‍ ശരത് ലാലിനെയും കൃപേഷിനെയും കൊന്നതും സി.പി.എമ്മാണ്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നത സി.പി.എം നേതാക്കളുടെ അറിവോടെയാണ് സി.പി.എം ഓരോ കൊലപാതകവും നടത്തിയതെന്ന ഉത്തമബോധ്യം അനുഭവത്തില്‍നിന്ന് തിരിച്ചറിഞ്ഞവരാണ് കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍. ആകാശ് തില്ലങ്കേരി അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായി നഗ്‌നസത്യങ്ങള്‍ വിളിച്ചു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.


Tags:    
News Summary - K Sudhakaran react to akash thillenkeri comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.