ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മുൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പി . കുടുംബത്തോടൊപ്പമെത്തിയ സുധാകരനൊപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സന്നിഹിതനായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചു.
കെ. സുധാകരനെ 'യഥാർത്ഥ കോൺഗ്രസ് പോരാളി' എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. പ്രതിസന്ധികളിലും വെല്ലുവിളികളിലും കേരള ജനതയ്ക്കായി പോരാടാൻ സുധാകരൻ തന്റെ ജീവിതം മാറ്റിവെച്ചുവെന്നും അദ്ദേഹത്തിന്റെ കരുത്തും വിശ്വസ്തതയും മാതൃകാപരമാണെന്നും രാഹുൽ കുറിച്ചു. കേരളത്തിൽ യുഡിഎഫ് ഐക്യം ശക്തമാണെന്നും നൂറിലധികം സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ താല്പര്യപ്പെട്ടിരുന്ന സുധാകരൻ, എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് പാർട്ടി വിടുമെന്ന തരത്തിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളെല്ലാം തള്ളി പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച സുധാകരൻ, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയായിരുന്നു. ഇന്നലെ പേരാവൂർ മണ്ഡലത്തിലെ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.