എന്‍റെ കാലയളവിൽ നേട്ടം മാത്രം, കോട്ടമില്ല; അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലുണ്ടെന്നും കെ. സുധാകരൻ

തിരുവനന്തപുരം: തന്‍റെ കാലയളവിൽ സംസ്ഥാനത്ത് കോൺഗ്രസ് കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ. സുധാകരൻ. പുതിയ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന് ചുമതല കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്ഥാനമൊഴിയുന്ന സുധാകരൻ.

തെരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചു. ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കാനായി. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയിൽ നിൽക്കുന്നത്. പാർട്ടിയെ ജനകീയമാക്കി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കോളജുകൾ കെ.എസ്‌.യു തിരിച്ചുപിടിച്ചു. അവർക്ക് പിന്നിൽ കെ.പി.സി.സിയും ഉണ്ടായിരുന്നു. സി.പി.എമ്മിനെതിരെയുള്ള പോരാട്ടത്തിന് മുമ്പിൽ ഒരു പടക്കുതിരയെപ്പോലെ താൻ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

‘2021ല്‍ കെ.പി.സി.സി പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. മുന്നോട്ടേ പോയിട്ടുള്ളൂ. എന്റെ കാലയളവില്‍ നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. കോട്ടമില്ല. അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലെനിക്ക് ഉണ്ട്. അങ്ങനെ പറയുന്നത് യാഥാര്‍ഥ്യബോധ്യത്തോടെയാണ്. ലോക്‌സഭയില്‍ 18 സീറ്റ് നേടാന്‍ കഴിഞ്ഞതിനപ്പുറം ചരിത്രത്തില്‍ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. സി.യു.സികള്‍ രൂപവ്തകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. എന്റെ പിന്‍ഗാമി സണ്ണിയെ അത് പൂര്‍ത്തീകരിക്കാന്‍ ഏല്‍പ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കര്‍മ്മ പദ്ധതികള്‍ തയാറാക്കിയാണ് മുന്നോട്ട് പോകുന്നത്’ -സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് കലാപം ഇന്നില്ലാതെ പോയത് നമ്മുടെ ഐക്യത്തിന്റെ കരുത്താണ്. പ്രവര്‍ത്തകരാണ് ശക്തി. അവരോടൊപ്പം എന്നുമുണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കെ.പി.സി.സി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എയും യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എം.പിയും ചുമതലയേറ്റെടുത്തു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി എന്നിവരും സ്ഥാനമേറ്റെടുത്തു. കെ.പി.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങിനെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.പി.സി.സി തലപ്പത്ത് അഴിച്ചുപണികൾ നടത്തിയത്. നിലവിലെ യു.ഡി.എഫ് കണ്‍വീനറായ എം.എം. ഹസ്സൻ, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍. പ്രതാപന്‍, ടി. സിദ്ദീഖ് എന്നിവരെ പദവിയില്‍നിന്ന് നീക്കിയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.

Tags:    
News Summary - K. Sudhakaran enumerates the achievements of the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.