തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ പി.വി. അൻവറിനായി വാദമുന്നയിച്ച് മുൻ പ്രസിഡന്റ് കെ. സുധാകരൻ. ഓൺലൈൻ വഴി പങ്കെടുത്തായിരുന്നു ആവശ്യമുന്നയിച്ചത്. എന്നാൽ, മുന്നണിയിൽ എടുക്കേണ്ടെന്നായിരുന്നു യോഗത്തിലെ പൊതുവികാരം. തൽക്കാലം ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യേണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വേണമെങ്കിൽ ആലോചിക്കാമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ കൂടുതൽ ചർച്ചയുണ്ടായില്ല.
അൻവറിന്റേത് അടഞ്ഞ അധ്യായമെന്നും അതൊരു ചർച്ചാവിഷയം പോലുമായിട്ടില്ലെന്നുമായിരുന്നു വാർത്തസമ്മേളനത്തിൽ ഇതേക്കുറിച്ച ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നൽകിയ മറുപടി. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ ശശി തരൂരിനെതിരെ വിമർശനമുയർന്നു. പാർട്ടിക്ക് നിരന്തരം പ്രതിസന്ധിയുണ്ടാക്കുന്ന തരൂരിന്റെ കാര്യത്തിൽ തീരുമാനം വേണമെന്നായിരുന്നു ആവശ്യം.
തരൂരിനെ ചേർത്തുനിർത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്ന് തരൂർ വിട്ടുനിൽക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ യോഗം പ്രശംസിച്ചു. ജോയിയുടെ പ്രവർത്തനം എല്ലാ നേതാക്കളും മാതൃകയാക്കണമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.