മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷിക്കുന്ന ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായിയുടേത് -കെ. സുധാകരൻ

ഉദ്യ്പൂർ: മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തൃക്കാക്കരക്കാർക്ക്‌ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണിതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു സുധാകരൻ. പി.ടി. തോമസിന്റെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ കേരളത്തിലെ മുഖമായ പിണറായിക്ക്, ജനാധിപത്യ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹന​ല്ലെന്നും കെ. സുധാകരൻ പറഞ്ഞു.

കെ. സുധാകരന്റെ പ്രസ്താവനയുടെ പൂർണരൂപം:

മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി വിജയന്റേത്. പാറപ്രത്തെ പഴയ ക്രിമിനൽ രാഷ്ട്രീയക്കാരനിൽ നിന്ന് തരിമ്പും മാറാൻ അദ്ദേഹത്തിനിന്നും കഴിഞ്ഞിട്ടില്ല.

ജനങ്ങളുടെ കണ്ണീരും, നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവർത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ല. ഇന്നേ വരെ ജയ് വിളിച്ചു കൂടെ നടന്ന കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങൾ പോലും താങ്കളെക്കുറിച്ചു പറയുന്നതെന്താണെന്നറിയാൻ കഴിഞ്ഞ നാളുകളിലെ ദൃശ്യ മാധ്യമങ്ങൾ കണ്ടാൽ മാത്രം മതിയാകും.

കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ കേരളത്തിലെ മുഖമായ താങ്കൾ, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ മരിക്കുവോളം മുറുകെ പിടിച്ച പി ടി തോമസിന്റെ നിഴലാകാൻ പോലും അർഹനല്ല. ഒരുപിടി കൊലയാളികളുടെ നേതാവായ താങ്കൾക്ക്, ജനങ്ങളുടെ നേതാവായ പി ടിയെ മനസിലാകണമെന്നുമില്ല. വെറുക്കാനും കൊല്ലാനും പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രവും സ്നേഹിക്കാനും ഒന്നിച്ചു ജീവിക്കാനും ഒത്തൊരുമിച്ചു വളരാനും പഠിപ്പിക്കുന്ന ജനാധിപത്യവും തമ്മിലുള്ള വത്യാസം തിരിച്ചറിയാത്തതാണ് യഥാർത്ഥ 'അബദ്ധം'.

പി ടി തൃക്കാക്കരക്കാർക്ക് ആരായിരുന്നുവെന്ന് വരുന്ന ദിവസങ്ങളിൽ അവർ തന്നെ പറയും.

Tags:    
News Summary - K SUDHAKARAN AGAINST PINARAYI VIJAYAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.