കരുണാകരന്​ സ്മാരകം ഉയരാത്തത്​ പാർട്ടിയുടെ ദൗർബല്യം -കെ. സുധാകരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരന് സ്മാരകം നിർമിക്കാൻ സാധിക്കാത്തത് പാർട്ടിയുടെ ദൗർബല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. കെ. കരുണാകരൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരുടെയും ആഗ്രഹമാണ് കെ. കരുണാകരൻ സ്മാരക മന്ദിരം. ഇത്രയായിട്ടും ലീഡറുടെ പേരിൽ സ്മാരകം കെട്ടിപ്പൊക്കാൻ കഴി‍ഞ്ഞില്ലെന്നത് പാർട്ടിയുടെ ദൗർബല്യമായാണ് കാണുന്നത്​. പണി പൂർത്തിയാക്കി മാസങ്ങൾകൊണ്ട് പ്രവർത്തനനിരതമാക്കുമെന്ന്​ പ്രതിജ്ഞയെടുത്താണ് ഇതിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതെന്ന്​ സുധാകരൻ പറഞ്ഞു.

കരുണാകരന്റെ പേരിൽ സ്മാരകമില്ലാത്തതിന്റെ പേരിൽ കേരളത്തിലെ മാധ്യമങ്ങളെല്ലാം കോൺഗ്രസിനെ പരിഹസിക്കുകയാണെന്ന് എ.കെ. ആന്റണി പറഞ്ഞു. ഈ നാണക്കേടിന്​ പരിഹാരം ഉണ്ടാകണമെങ്കിൽ മന്ദിരത്തിന്റെ പ്രവർത്തനം ആരംഭിക്കണം. അതു സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ആന്റണി പറ‍ഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ. കരുണാകരൻ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കണമെന്ന്​ ശശി തരൂർ എം.പി. കരുണാകരനാണ്​ പദ്ധതി യാഥാർഥ്യമാക്കിയത്. അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്പാശ്ശേരി വിമാനത്താളം സംഭവിക്കില്ലായിരുന്നെന്നും കരുണാകരൻ സ്മാരക മന്ദിര നിർ‌മാണ പ്രവർത്തന ഫണ്ട് സമാഹരണ ഉദ്ഘാടനത്തിൽ തരൂർ പറഞ്ഞു.

രാജ്യത്തെ 80 ശതമാനം വിമാനത്താവളങ്ങളും വ്യക്തികളുടെ ​പേരിലാണ്​. നിലവിൽ സംസ്ഥാനം ഭരിക്കുന്നവർ എയർപോർട്ടിനെ എതിർത്തവരാണ്. അവരിപ്പോൾ അതിൽ സഞ്ചരിച്ച് ആസ്വദിക്കുകയാണ്​. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ച വ്യക്തിയാണ്​ കരുണാകരൻ. ആദ്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നെന്ന്​ തരൂർ അനുസ്മരിച്ചു.

Tags:    
News Summary - K Sudhakaran about K Karunakaran memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.