സിൽവർലൈനിനായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിലവാരമുള്ള സിഗ്നലിങ് സംവിധാനമെന്ന് കെ റെയിൽ

തിരുവനന്തപുരം: സിൽവർ ലൈനിനായി ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിലവാരമുള്ള സിഗ്​നലിങ്​ സംവിധാനമെന്ന് കെ-റെയിൽ. യൂറോപ്യന്‍ റെയില്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഇ.ആര്‍.ടി.എം.എസ്) ഭാഗമായ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഇ.ടി.സി.എസ്) ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

അതിവേഗ, അർധ-അതിവേഗ ട്രെയിനുകള്‍ ഒരു സെക്കന്‍ഡില്‍ 50 മുതല്‍ 100 മീറ്റര്‍ വരെ സഞ്ചരിക്കും. അതിനാൽ മണിക്കൂറിൽ 160 കിലോമീറ്ററില്‍ കൂടുതല്‍ വേഗമുള്ള ട്രെയിനുകളിലിരുന്ന്​ പാതയോരത്തെ കളര്‍ലൈറ്റ് സിഗ്​നലുകള്‍ നിരന്തരമായി നിരീക്ഷിച്ച് നിയന്ത്രിക്കാന്‍ എന്‍ജിന്‍ ഡ്രൈവര്‍ക്ക് സാധിക്കില്ല. സില്‍വര്‍ലൈന്‍ ഏര്‍പ്പെടുത്തുന്ന സിഗ്​​നല്‍ സംവിധാനത്തില്‍ ട്രെയിനിനകത്തുതന്നെ സിഗ്‌നല്‍ ലഭ്യമാകുന്ന കാബ് സിഗ്​നലിങ്​ സംവിധാനമാണുണ്ടാകുക. യാത്രയിലുടനീളം ട്രെയിനിന്റെ വേഗം സ്വയംനിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകതയെന്ന് കെ-റെയിൽ വിശദീകരിക്കുന്നു.

ഒരു ട്രെയിന്‍ പുറപ്പെട്ട് കുറഞ്ഞത് അഞ്ചു മിനിറ്റിനകംതന്നെ അടുത്ത ട്രെയിനിനു പുറപ്പെടാന്‍ കഴിയും. ഈ സൗകര്യമുള്ളതു കൊണ്ടുതന്നെ ട്രെയിനുകളുടെ ഇടവേള പരമാവധി കുറക്കാന്‍ പറ്റും. വാതിലുകള്‍ മുഴുവന്‍ അടഞ്ഞു കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുകയുള്ളൂ. പൂര്‍ണമായും എന്‍ജിന്‍ ഡ്രൈവറുടെ തീരുമാനത്തെ മാത്രം ആശ്രയിക്കാതെ കേന്ദ്രീകൃത സംവിധാനം വഴി ട്രെയിനിന്റെ വേഗം സ്വയം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ട്രെയിന്‍ ഓപറേറ്റിങ്​ ഓവര്‍ ഇ.ടി.സി.എസ് ലെവല്‍ ടു സംവിധാനമാണ് (എ.ഒ.ഇ) ഏർപ്പെടുത്തുന്നത്.

ബട്ടണ്‍ അമര്‍ത്തി ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ ട്രെയിനുകളുടെ വേഗം ഡ്രൈവര്‍ നിയന്ത്രിക്കേണ്ടതില്ല. വളവിലും കയറ്റത്തിലും വേഗം സ്വയം നിയന്ത്രിച്ച്, വണ്ടി മുന്നോട്ടു പോകും. ഓരോ സെക്ഷനിലും ആവശ്യമായ വേഗനിയന്ത്രണം സിസ്റ്റം സ്വയം നടപ്പാക്കും. സ്റ്റോപ്പില്‍ വണ്ടി താനേ നില്‍ക്കും.

Tags:    
News Summary - K Rail says it uses an international standard signaling system for the Silverline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.