‘ശബരിമലയിൽ ഒരു ദൗത്യമുണ്ട്, അത് അയ്യപ്പനോട്,’ തെറ്റായ പ്രവണതകളിൽ തിരുത്തലുണ്ടാവുമെന്നും പുതിയ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ

പത്തനംതിട്ട: ശബരിമലയിൽ തനിക്ക് ഒരുദൗത്യമുണ്ട്, അത് അയ്യപ്പനോടാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ. ശബരിമലയിലെ തെറ്റായ പ്രവണതകളിൽ തിരുത്തലുണ്ടാവും. ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പോൺസർമാരുടെ മേലങ്കി അണിഞ്ഞ് വരുന്ന എല്ലാവരെയും അംഗീകരിക്കില്ല. വ്യക്തി പശ്ചാത്തലങ്ങൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമേ നടപടികളിലേക്ക് കടക്കൂ. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് തന്‍റെ പ്രഥമപരിഗണന. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിന് എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും ജയകുമാർ വ്യക്തമാക്കി.

മണ്ഡലകാല തീർത്ഥാടനം തുടങ്ങാനിരിക്കെയാണ് പുതിയ പ്രസിഡന്‍റ് നയം വ്യക്തമാക്കുന്നത്. സ്വർണ​ക്കൊള്ള വിവാദത്തിൽ മങ്ങിയ പ്രതിഛായ തിരികെ പിടിക്കുകയാണ് ജയകുമാറിന്റെ ദൗത്യമെന്ന് വ്യക്തം. വിശ്വാസം വ്രണപ്പെടില്ലെന്ന ഉറപ്പ് മുന്നോട്ട് വെക്കുന്ന പുതിയ അധ്യക്ഷൻ സ്പോൺസർമാരെ അടക്കം നിയന്ത്രിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

ദേവസ്വം പ്രസിഡന്‍റായ ശേഷം ആദ്യമായി ശബരിമല സന്ദർശനം നടത്താനായി ആറന്മുളയെത്തിയതായിരുന്നു ജയകുമാർ. സർക്കാരിനെയും ദേവസ്വംബോർഡിനെയും ഒരുപോലെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ള വിവാദം കൊഴുക്കുന്നതിനിടെയാണ് ശനിയാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുതിയ ഭരണസമിതി ചുമതലയേറ്റത്. സി.പി.ഐ പ്രതിനിധിയാണ് മുൻ മന്ത്രി കെ രാജു സമിതിയിലെത്തുന്നത്. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, ജി.ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പളളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 

Tags:    
News Summary - K Jayakumar react to Sabarimala Gold Smuggling Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.