വിചിത്രമായ വിധിയെന്ന് സ്വരാജ്; സന്തോഷമെന്ന് ബാബു

കൊച്ചി: കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരി​വെച്ച ഹൈകോടതി വിധി വിചിത്രമെന്ന് എം. സ്വരാജ്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും സ്വരാജ് പ്രതികരിച്ചു. വിധി ചോദ്യം ചെ​യ്യപ്പെടേണ്ടതാണ്. ഹൈകോടതിയിൽ തെളിവിനായി കൃത്യമായ രേഖകൾ സമർപ്പിച്ചിരുന്നു. ജനാധിപത്യം അട്ടിമറിക്കപ്പെടാൻ ഇത്തരം വിധികൾ ഇടയാക്കുമെന്നും സ്വരാജ് പറഞ്ഞു.

ഹൈകോടതി വിധി ചോദ്യം ചെയ്യേണ്ടത് ജനാധിപത്യത്തിന്റെ നില നിൽപിന് അനിവാര്യമാണ്.പാർട്ടിയുമായും അഭിഭാഷകരുമായും ആലോചിച്ച് മറ്റ് നടപടികൾ ആലോചിക്കും. കേസില്‍ ജയിച്ചോ തോറ്റോ എന്നതൊന്നും പ്രശ്‌നമല്ല. അതിനപ്പുറത്ത് ഇത് തെറ്റായ സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കും. ഈ വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ല. ഇത്‌ തോറ്റുകഴിഞ്ഞപ്പോള്‍ ഉണ്ടാക്കിയ കേസല്ലെന്നും സ്വരാജ് പറഞ്ഞു.

അതേസമയം എം.എൽ.എയായി തുടരാമെന്ന ഹൈകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കെ. ബാബു പ്രതികരിച്ചു. കേസ് കൃത്രിമമായി ഉണ്ടാക്കിയതാണ്. പോരാടി നേടിയ വിജയം മോശമായി ചിത്രീകരിക്കാൻ എൽ.ഡി.എഫ് ശ്രമിച്ചു. അങ്ങനെയൊരു സ്ലിപ്പ് ഞങ്ങൾ അടിച്ചിട്ടില്ല. അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. നീതിന്യായ കോടതി ഇപ്പോൾ സത്യം കണ്ടെത്തിയിരിക്കുകയാണ്. ഇനിയെങ്കിലും ഇത്തരത്തിലുള്ള അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് കോടതി വിധിയും ജനവിധിയും മാനിക്കാൻ എൽ.ഡി.എഫും അവരുടെ സ്ഥാനാർഥിയും തയാറാകണമെന്നും ബാബു കൂട്ടിച്ചേർത്തു.

2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് കെ. ബാബുവിനെതിരെ ഹൈകോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. 2021 ജൂണിൽ സമർപ്പിച്ച ഹരജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് പി.ജി. അജിത്കുമാറാണ് ഹരജിയിൽ വിധി പറഞ്ഞത്. നേരത്തേ ഹരജിക്കെതിരെ ബാബു നൽകിയ തടസ്സ വാദ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും വിധി അനുകൂലമായിരുന്നില്ല.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ. ബാബു എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. 2016ൽ ബാബുവിനെ സ്വരാജ് 4471 വോട്ടുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ബാർ കോഴ വിവാദം ആഞ്ഞടിച്ച സമയമായിരുന്നു അത്. 25 വര്‍ഷം ബാബു തുടര്‍ച്ചയായി എം.എല്‍.എ ആയിരുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 

Tags:    
News Summary - K Babu reacts to the High Court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.