വി. മുരളീധരനൊപ്പം ജ്യോതി മൽഹോത്ര (വിഡിയോയിൽ നിന്ന്)
കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേളയിൽ അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനൊപ്പം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 ഏപ്രിലിൽ തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിന്‍റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര യാത്രചെയ്തത്.
വി. മുരളീധരനോട് ജ്യോതി മൽഹോത്ര പ്രതികരണം തേടുന്നതും അദ്ദേഹം ട്രെയിൻ യാത്രയെ കുറിച്ച് സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ജ്യോതി മൽഹോത്ര കേരളത്തിൽ വിനോദസഞ്ചാര വകുപ്പിന്‍റെ ക്ഷണപ്രകാരം എത്തിയത് ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉയർത്തുന്നതിനിടെയാണ് വി. മുരളീധരനൊപ്പം ഇവർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ, ടൂറിസം വകുപ്പിന്‍റെ പ്രമോഷന്‍റെ ഭാഗമായി ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയ വിവരം പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടായിരുന്നു. 2024 ജനുവരി മുതല്‍ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രമോഷന്‍ നടത്തിയ വ്‌ളോഗര്‍മാരുടെ പട്ടികയാണ് പുറത്തുവന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന് വൻതോതിൽ വിവരങ്ങൾ ചോർത്തി നൽകിയ യൂട്യൂബർ ജ്യോതി മൽഹോത്ര അറസ്റ്റിലായത്. മേയ് 16നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാക് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി ജ്യോതി സമ്മതിച്ചതായി അധികൃതർ പറഞ്ഞിരുന്നു.
ജ്യോതി മൽഹോത്രയുടെ കേരളത്തിലേക്കുള്ള വരവ് ദേശീയതലത്തിൽ വിവാദമാക്കാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. മുഖ്യമന്ത്രി പിണറായി വിജയനെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും പ്രതിക്കൂട്ടിൽ നിർത്തി മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറും പാർട്ടി വക്താവ് ശഹ്സാദ് പൂനാവാലയും കേരള സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചാരവനിത ജ്യോതി മൽഹോത്രക്ക് കേരള സർക്കാറിന്റെ ചുവപ്പ് പരവതാനി വിരിച്ചുകൊടുത്ത മുഖ്യമന്ത്രി, മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതിൽ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്‌ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവര്‍ ഇവിടെ വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.