തിരുവനന്തപുരം: ന്യായ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പരാജയ ഭീതിയെ തുടർന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് മുന്നോട്ടുവെച്ച, രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയെക്കുറിച്ച് ആക്ഷേപം ചൊരിയാന്‍ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ്് മാത്രമാണ് മുഖ്യമന്ത്രി ധൈര്യപ്പെട്ടത്.
പാരീസിൽ പോയപ്പോള്‍ പിണറായി വിജയന്‍ സന്ദര്‍ശിച്ച ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി ഉൾപ്പെടെയുള്ള വിദഗ്ധരുമായി ചർച്ച ചെയ്താണ് രാഹുൽ ഗാന്ധി ന്യായ് പദ്ധതി ആവിഷ്‌കരിച്ചത്. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം ആറായിരം രൂപ ഉറപ്പുവരുത്തുന്ന പദ്ധതി കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കും. തോമസ് പിക്കറ്റിയുമായി ചർച്ച നടത്തിയ പിണറായി വിജയന് അദ്ദേഹത്തെ വിളിച്ച് ഇതിന്‍റെ പ്രായോഗികതയെക്കുറിച്ച് ചോദിക്കാവുന്നതാണ്.
ന്യായിന്‍റെ കാര്യത്തില്‍ പച്ചക്കളവ് പറയുകയാണ് മുഖ്യമന്ത്രി. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ന്യായ് പദ്ധതിയുടെ തുടക്കം കുറിച്ച് കഴിഞ്ഞു. കര്‍ഷകരെ ഉള്‍പ്പെടുത്തി ഛത്തീസ്ഗഡിൽ ആരംഭിച്ച ന്യായ് പദ്ധതി സാമ്പത്തിക രംഗത്ത് ഗുണകരമായ മാറ്റങ്ങളാണ് വരുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിർമാർജ്ജന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയ, വിവരവകാശ നിയമം പോലുള്ള വിപ്ലവകരമായ നിയമം നടപ്പാക്കിയ കോൺഗ്രസിന് കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കാനുളള ആർജവമുണ്ടാകും. കേരളത്തിലെത്തിയ രാഹുല് ഗാന്ധി ആവർത്തിച്ച് ഉറപ്പുനൽകിയ പദ്ധതിയാണ് കേരളത്തിന്‍റെ മുഖഛായ മാറ്റുന്ന ഈ പദ്ധതി.
പ്രവാസികൾക്ക് 5000 രൂപ, രണ്ടര ലക്ഷം ക്വാറൈന്റൻ കിടക്കകൾ തുടങ്ങി വ്യാജ വാഗ്ദാനങ്ങൾ നൽകിയ പിണറായി വിജയന് ന്യായ് പദ്ധതിയെക്കുറിച്ച് സംശയങ്ങള്‍ തോന്നുന്നത് സ്വന്തം ഭരണാനുഭവത്തില്‍ നിന്നായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.