ജെ.പി. നദ്ദ
കൊല്ലം: കൃത്യമായ സ്ഥലത്ത് കൃത്യസമയത്ത് എയിംസ് സ്ഥാപിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡ. കൊല്ലത്ത് നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയർക്ക് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതികളുടെ ഗുണം ലഭിക്കുന്നില്ല. പി.എം വയോജന യോജന, ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ല. കേരളത്തിലും ബംഗാളിലും ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇത്തരം പദ്ധതികൾ നടപ്പാക്കും.
സംസ്ഥാന സർക്കാരും കേരളത്തിലെ പ്രതിപക്ഷവും വിഭജന രാഷ്ട്രീയത്തിനും ജാതീയതക്കും അഴിമതിക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയരീതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റിമറിച്ചു. മറ്റ് ദേശീയ പാർട്ടികൾ പ്രാദേശിക പാർട്ടികളായി, പ്രാദേശിക പാർട്ടികൾ കുടുംബ പാർട്ടികളായി.
ബി.ജെ.പി പതിറ്റാണ്ടുകൾക്ക് മുമ്പ് ഉയർത്തിയ ആർട്ടിക്കിൾ 370, രാമക്ഷേത്രം, ഏക സിവിൽ നിയമം പോലുള്ള വിഷയങ്ങളിൽനിന്ന് പിന്മാറിയില്ല. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബി.ജെ.പി വളർന്നത്. ജി.എസ്.ടി പരിഷ്കാരങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തും. കേരളത്തിൽ തുറമുഖം, വിമാനത്താവളങ്ങൾ, ദേശീയപാതകൾ തുടങ്ങി എല്ലാ പദ്ധതികളും കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലാണ് നടപ്പായത്. സംസ്ഥാന സർക്കാർ സ്വന്തം ശ്രമത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും നഡ്ഡ കൂട്ടിച്ചേർത്തു.
കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, സി. സദാനന്ദൻ എം.പി, കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുല്ലക്കുട്ടി, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, അനൂപ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം: കേരളത്തിൽ എവിടെ എയിംസ് വന്നാലും ബി.ജെ.പിക്ക് സന്തോഷമേയുള്ളൂവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എവിടെ വേണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വമല്ല, കേന്ദ്ര സർക്കാരാണ് തീരുമാനിക്കുന്നത്. ഏത് ജില്ലയിലും ആവശ്യപ്പെടാം. അത് ഓരോരുത്തരുടെ ആഗ്രഹങ്ങൾ മാത്രമാണ്. അത് ബി.ജെ.പിയുടെ ആവശ്യമായി ആരും തലയിൽ കെട്ടിവെക്കേണ്ടതില്ല.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും കെ. സുരേന്ദ്രനും സംസ്ഥാന സമിതി യോഗത്തിന് എത്താതിരുന്നതിനെക്കുറിച്ച ചോദ്യത്തിന്, ചികിത്സ ആവശ്യാർഥമാണ് സുരേന്ദ്രൻ എത്താതിരുന്നതെന്നും സുരേഷ് ഗോപി ഡൽഹിയിലായിരുന്നതിനാലാണ് പങ്കെടുക്കാത്തതെന്നും മറുപടി നൽകി.
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ അനിൽകുമാറിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, ബി.ജെ.പിക്ക് ഒരിടത്തും സഹകണ സ്ഥാപനമില്ലെന്നും ആത്മഹത്യ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും രമേശ് പ്രതികരിച്ചു.
കൊച്ചി: തർക്കങ്ങളും ആഭ്യന്തര കലഹങ്ങളും കാരണം കേരളത്തിന് അർഹതപ്പെട്ട ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) നിഷേധിക്കപ്പെടാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇക്കാര്യത്തിൽ ഇനിയൊരു രാഷ്ട്രീയ തീരുമാനമാണ് ആവശ്യം. അത് എത്രയും വേഗം ഉണ്ടാകണം. എയിംസ് കേരളത്തിന് വേണമെന്ന ആവശ്യത്തിന് ദീർഘകാലത്തെ പഴക്കമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ താനും മുഖ്യമന്ത്രിയും നേരിട്ട് കണ്ടിരുന്നു. എവിടെയാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലമെന്ന് ചോദിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ കീഴിലുള്ള 150 ഏക്കർ വിട്ടുനൽകാമെന്ന് അറിയിച്ചു. സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും സ്വീകരിച്ചു. ഇതിന്റെ രേഖകൾ ആരോഗ്യ മന്ത്രാലയത്തിന് അയക്കുകയും ചെയ്തു. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് കേന്ദ്രത്തിൽനിന്ന് കുറച്ച് നാളുകൾക്ക് മുമ്പ് ലഭിച്ച കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.