മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശനമെന്ന് ജിഷ്ണുവിന്‍െറ മാതാപിതാക്കള്‍

വളയം: മകന്‍െറ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശനമെന്ന് പാമ്പാടി കോളജ് വിദ്യാര്‍ഥിയായിരുന്നു ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളായ അശോകനും മഹിജയും വളയം പൂവ്വംവയലിലെ വീട്ടില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രണ്ടുദിവസത്തിനകം പ്രതികളെ പിടികൂടിയില്ളെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും. പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചാല്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് നടിയുടെ കാര്യത്തില്‍ വ്യക്തമായി. കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, സി.പി. പ്രവീണ്‍ എന്നിവരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ട് 14 ദിവസം പിന്നിട്ടു. പ്രതികളെ അസ്റ്റ് ചെയ്യുന്നതിന് ഒരു നിയമതടസ്സവുമില്ല.

ഫെബ്രുവരി 15ന് തൃശൂര്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 48 മണിക്കൂറിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. പ്രതികള്‍ക്ക് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് കാത്തിരിക്കുന്നതുപോലെയാണ് പൊലീസിന്‍െറ നടപടി. 28ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയുകയാണ്. ഇതിനുമുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിന് കോടതിയില്‍ നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കണം. തെളിവ് നശിപ്പിക്കാന്‍ പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പോസ്റ്റുമോര്‍ട്ടം അട്ടിമറിച്ച പി.ജി വിദ്യാര്‍ഥിക്കെതിരെയും നടപടി കൈക്കൊള്ളാന്‍ വൈകുന്നതില്‍ ആശങ്കയുണ്ട്.

കേസ് അട്ടിമറിക്കാനും കൃഷ്ണദാസിനെ സംരക്ഷിക്കാനും സര്‍ക്കാര്‍തലത്തില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ എം.എ. ബേബിയുടെ വീട് സന്ദര്‍ശനത്തിന് പിറകെയായിരുന്നു കുടുംബത്തിന്‍െറ വാര്‍ത്തസമ്മേളനം.
 

 

 

Tags:    
News Summary - jishnu pranoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.