ജിഷ്ണുവിന്‍റെ മരണം; സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം

തൃശൂർ: പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ജിഷ്ണു മരിച്ച ദിവസം കോളജിലെ മൂന്ന് മുറികളിലെ സിസിടിവി ദൃശ്യങ്ങളാണ് നശിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പി.ആര്‍.ഒ എന്നിവരുടെ മുറികളിലെ ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ ലഭ്യമല്ലാത്തത്. സി.സി.ടി.വി ദൃശ്യങ്ങൾക്കായി പൊലീസ് ഫൊറന്‍സിക് ലാബിനെ സമീപിച്ചു. കോളജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുത്ത് ഫോറന്‍സിക് ലാബിന് കൈമാറിയിട്ടുണ്ട്.

ഇന്നലെ വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ക്കായി അന്വേഷണം നടത്തുന്നത്. മരിച്ച ജിഷ്ണു പ്രണോയിയെ മര്‍ദിച്ചിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കോളജ് പി.ആർ.ഒ സഞ്ജിത്തിന്റെ മുറി (ഇടിമുറി എന്നു വിശേഷിപ്പിക്കപ്പെട്ടത്), ജിഷ്ണു മരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് രക്തസാംപിളുകൾ കണ്ടെത്തിയത്. ഇത് ജിഷ്ണുവിന്റേതാണോയെന്ന് പരിശോധിച്ചുവരികയാണ്. ജിഷ്ണുവിന്‍റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നതാണ് ജിഷ്ണു മര്‍ദ്ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയത്.

അതേസമയം, നെഹ്റു കോളജിലെ മുറിയിൽനിന്ന് രക്തക്കറ കണ്ടെത്തിയതോടെ ജിഷ്ണുവിന്‍റെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് കുടുംബം രംഗത്തെത്തി. കേസ് തെളിയും വരെ ചെയർമാൻ പി. കൃഷ്ണദാസ് കോളജിൽ കയറുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് അമ്മ പരാതി നൽകി. കൃഷ്ണദാസ് കോളജിൽ പ്രവേശിക്കുന്നത് കുട്ടികളെ സ്വാധീനിക്കുമെന്നും പരാതിയിലുണ്ട്.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ മൂലം അടഞ്ഞുകിടന്ന നെഹ്‌റു ഗ്രൂപ്പിന്‍റെ പാമ്പാടി, ലക്കിടി എന്നിവിടങ്ങളിലെ കോളജുകളില്‍ ഇന്നുമുതലാണ് വീണ്ടും ക്ലാസുകള്‍ ആരംഭിക്കുന്നത്.

Tags:    
News Summary - jishnu death: Trying to regain cctv footage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.