പ്രതിപക്ഷ എം.എൽ.എയെ നിയമസഭയിൽ ബോഡി ഷെയിമിങ് നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പ്രതിപക്ഷ എം.എൽ.എയെ മുഖ്യമന്ത്രി അധിക്ഷേപിക്കുന്നതിന്റെയും മുഖ്യമന്ത്രി എം.എൽ.എ മറുപടി നൽകിയതിന്റെയും വാർത്ത പോസ്റ്ററുകൾ സഹിതമാണ് ജിന്റോ ജോൺ പോസ്റ്റ് പങ്കുവെച്ചത്. എം.എൽ.എമാരുടെ നീളം നോക്കുന്ന നാവുകൊണ്ട് മുഖ്യമന്ത്രി ശബരിമലയിലെ സ്വർണം കട്ടതിന്റെ ഉത്തരം പറയണമെന്നും ജിന്റോ ജോൺ ആവശ്യപ്പെട്ടു.
പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ച് ട്യൂഷനെടുക്കുന്ന സി.പി.എമ്മിന്റെ ഹെഡ് മാസ്റ്റർ ആണ് പിണറായി വിജയൻ. പ്രായമേറിയിട്ടും പരട്ട സ്വഭാവത്തിൽ കുറവ് വന്നിട്ടില്ലാത്തവർക്ക് അർഹിക്കുന്നതിനേക്കാൾ ഒരുപാട് മികച്ച നിലവാരത്തിലുള്ള മറുപടി നജീബ് കാന്തപുരം കൊടുത്തിട്ടുണ്ടെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്.അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
''എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വെച്ചല്ല അത്. ശരീര ശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. വനിത വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു''-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തുടർന്ന് മുഖ്യമന്ത്രിക്ക് മറുപടിയുമായി നജീബ് കാന്തപുരം എം.എൽ.എ തന്നെ രംഗത്തുവന്നു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവു കൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.