സമസ്തയുടെ പള്ളികളിൽ പിരിവ് വിലക്കിയാൽ ജനങ്ങള്‍ ഇടപെട്ട് പുതിയ കമ്മിറ്റികള്‍ വരും -ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: സുന്നത് ജമാഅത്തിന്റെ ആദര്‍ശം പറയുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ ആരും വരേണ്ടതില്ലെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ശംസുല്‍ ഉലമയുടെ ലോകം’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിന് പിരിവ് കൊടുക്കരുതെന്ന് ചിലര്‍ പറഞ്ഞത് അപശബ്ദങ്ങളാണ്. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ചില പള്ളികളില്‍നിന്നും മദ്‌റസകളില്‍നിന്നും പണം പിരിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് വിലപ്പോകില്ല. സമസ്ത ഉണ്ടാക്കിയ പള്ളികളിലും മദ്‌റസകളിലും സ്ഥാപനങ്ങളിലും വിലക്കുകളുണ്ടായാല്‍ അത്തരം സ്ഥാപനങ്ങളില്‍ ജനങ്ങള്‍ ഇടപെട്ട് പുതിയ കമ്മിറ്റികള്‍ വരും’ അദ്ദേഹം പറഞ്ഞു.

‘‘ആദര്‍ശത്തിനൊപ്പം സമസ്തയുടെ ഭരണഘടനപ്രകാരം ചെയ്യേണ്ട കാര്യമാണ് ശരീഅത്തിന് വിരുദ്ധമല്ലാത്ത വിദ്യാഭ്യാസവും ജീവകാരുണ്യപ്രവര്‍ത്തനവുമെല്ലാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിശാലമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുന്നതിനാണ് നൂറാം വാര്‍ഷിക സമ്മേളനവും തഹിയ്യ ഫണ്ട് ശേഖരണവുമെല്ലാം. തഹിയ്യ എന്റെ വീട്ടിലേക്ക് കൊണ്ടുപോകാനോ സമസ്തയിലെ 40 മുശാവറ അംഗങ്ങള്‍ക്ക് വീതിച്ചെടുക്കാനോ സംഘടനകള്‍ക്ക് എടുക്കാനോ അല്ല. ഇത് എങ്ങനെ വിനിയോഗിക്കപ്പെടണമെന്ന് സമസ്ത തീരുമാനിച്ച് നടപ്പാക്കും

സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനം ആര് പരാജയപ്പെടുത്താന്‍ ശ്രമിച്ചാലും ആ നീക്കങ്ങള്‍ ഫലം കാണില്ല. പിരിവ് കിട്ടിയാലും ഇല്ലെങ്കിലും സമസ്തയുടെ സമ്മേളനം നടക്കും. അതിന് ആവശ്യമായ ചെലവുകളൊക്കെ ജനങ്ങള്‍ വഹിക്കുകയും ചെയ്യും. വയനാട് ഫണ്ട് 850ഓളം പേര്‍ക്ക് 10,000 രൂപ വെച്ച് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള സംഖ്യ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. വയനാട്ടില്‍ ദുരന്തമുണ്ടായ സ്ഥലത്ത് പള്ളിയോ മദ്‌റസയോ നിര്‍മിച്ചുകൊടുക്കാനാണ് തീരുമാനം. ഇത് ആവശ്യമില്ലെങ്കില്‍ തുക എങ്ങനെ വിനിയോഗിക്കണമെന്ന് സമസ്തയുടെ പണ്ഡിതരും ഉമറാക്കളും തീരുമാനിക്കും. സമസ്ത പറയാത്തതും ചെയ്യാത്തതും ആരോപിക്കുന്നത് പ്രസ്ഥാനത്തെ ചെറുതാക്കി കാണിക്കാനാണ്. ആരും അതിനായി ശ്രമിക്കേണ്ടതില്ല. അത്തരം ശ്രമങ്ങള്‍ നടത്തുന്നവരുടെ നാശത്തിന്റെ തുടക്കമായിരിക്കും അത്. ശംസുല്‍ ഉലമ കാണിച്ചുതന്ന പാതയിലൂടെ സമസ്തയെ മുന്നോട്ടു നയിക്കും’’ -ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ടി.പി.സി തങ്ങള്‍ പതാക ഉയര്‍ത്തി.

ശംസുൽ ഉലമ ഫൗണ്ടേഷന്‍ ദേശീയ അവാര്‍ഡ് ജിഫ്രി തങ്ങളില്‍നിന്ന് പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ക്കുവേണ്ടി ബന്ധുക്കളും സംഘടന പ്രവര്‍ത്തകരും ഏറ്റുവാങ്ങി. പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രശസ്തിപത്രം സമര്‍പ്പിച്ചു. ഉമര്‍ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി.

Tags:    
News Summary - jifri muthukoya thangal samastha centenary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.