ബി.ജെ.പി പാളയത്തിൽ ചേക്കേറാൻ ജെ.ഡി.എസ്; ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് കേരള ഘടകം

തിരുവനന്തപുരം: ബി.ജെ.പി പാളയത്തിൽ ചേക്കേറാനുള്ള ദേശീയ നേതൃത്വത്തിന്‍റെ ശ്രമത്തിൽ പ്രതിസന്ധിയിലായ ജെ.ഡി.എസ് സംസ്ഥാന ഘടകം ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും. ബി.ജെ.പിക്കൊപ്പം പോകില്ലെന്നും ഇടതിൽ തുടരുമെന്നും മുതിർന്ന നേതാവും വൈദ്യുതിമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. ദേശീയ നേതൃത്വം നിലപാട് പറഞ്ഞിട്ടില്ലെന്നും അതറിയാതെ ഇപ്പോൾ പ്രതികരണം നടത്തുന്നില്ലെന്നും സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി. തോമസ് എം.എൽ.എയും സൂചിപ്പിച്ചു.

ദേശീയ നേതൃത്വത്തിന്‍റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ് സംസ്ഥാനത്തെ പാർട്ടി. കർണാടക തോൽവിക്കുശേഷം ദേശീയ നേതൃത്വം നടത്തുന്ന ബി.ജെ.പി അനുകൂല നീക്കങ്ങൾ കേരളത്തിലെ ഭരണമുന്നണിയുടെ ഭാഗമായ ജെ.ഡി.എസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ദേശീയതലത്തിൽ എൻ.ഡി.എയുടെ ഭാഗമായി മാറിയാൽ കേരള പാർട്ടിക്ക് അതേ നിലക്ക് സംസ്ഥാനത്ത് തുടരാനാകില്ല. മുന്നണിയുടെയും സർക്കാറിന്‍റെയും ഭാഗമായ സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തെ തള്ളിപ്പറയേണ്ടിവരും. മാതൃ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കാതെ സർക്കാറിലും മുന്നണിയിലും തുടരാനുമാകില്ല.

പാർട്ടി ദേശീയ നേതൃത്വത്തിന്‍റെ ചാഞ്ചാട്ട സമീപനങ്ങൾ ഉൾപ്പെടെ വിഷയങ്ങളാണ് ജെ.ഡി.എസുമായി ലയന നീക്കങ്ങളിൽനിന്ന് എം.വി. ശ്രേയാംസ് കുമാർ നേതൃത്വം നൽകുന്ന എൽ.ജെ.ഡിയെ പിന്തിരിപ്പിച്ചത്.

എൻ.ഡി.എ യോഗത്തിലേക്ക് ക്ഷണം കാത്തിരിക്കുകയാണ് ജെ.ഡി.എസ് നേതൃത്വം. കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി അവരുടെ വിലപേശൽ ശക്തിയെ തന്നെ ബാധിച്ചു. 18 ശതമാനം വോട്ടും 37 എം.എൽ.എമാരുമുണ്ടായിരുന്ന പാർട്ടിക്ക് ഇത്തവണ 18 ശതമാനം വോട്ടും 19 സീറ്റും മാത്രമാണ് കിട്ടിയത്. കർണാടകയിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ഭരണത്തിൽ നിർണായക സ്ഥാനം ഉറപ്പാക്കാമെന്നുമായിരുന്നു ജെ.ഡി.എസ് കണക്കുകൂട്ടിയിരുന്നത്.

ദേശീയതലത്തിൽ പാർട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്നാണ് മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചത്. ബി.ജെ.പിയുടെ സാമ്പത്തിക നയമടക്കം എല്ലാ രീതികളും തങ്ങൾ എതിർക്കുകയാണ്. അവരുമായി കൂട്ടുചേരാൻ നിൽക്കില്ല. കേരളത്തിലെ പാർട്ടി ഒറ്റക്കെട്ടായി നിലകൊള്ളും. സമാനമനസ്കരുമായി യോജിക്കാൻ വഴി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സഖ്യം ബാധിക്കില്ല -കൃഷ്ണൻകുട്ടി

പാലക്കാട്: ജെ.ഡി.എസ് കേരളഘടകം ഇടതുമുന്നണിയിൽ തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. പാർട്ടി ദേശീയ നേതൃത്വം എൻ.ഡി.എയിൽ ചേരാൻ തീവ്ര ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി കേരളഘടകം രംഗത്തെത്തിയത്. ദേശീയ തലത്തിൽ പാർട്ടി എന്ത് സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.

ജെ.ഡി.എസ്-ബി.ജെ.പി സഖ്യ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് കേരളഘടകം നയം വ്യക്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ അധ്യക്ഷതയില്‍ കർണാടകയിൽ ചേരുന്ന യോഗത്തില്‍ 30ലധികം പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ശിവസേന ഷിന്‍ഡെ വിഭാഗം, എൻ.സി.പി അജിത് പവാര്‍ വിഭാഗം, ചിരാഗ് പസ്വാന്‍, ജിതന്‍ റാം മാഞ്ചി, ഉപേന്ദ്ര ഖുശ്‍വാഹ, ഒ.പി. രാജ്ഭര്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. യോഗത്തിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്ന് ജെ.ഡി.എസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു.  

Tags:    
News Summary - JDS -BJP: Kerala unit will remain in left Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.