അരീക്കോട്: ശ്വാസതടസ്സം മൂലം ജമ്മു-കശ്മീരിലെ ലഡാക്കിൽ മരിച്ച സൈനികൻ കെ.ടി. നുഫൈലിന് ജന്മനാട്ടിൽ അന്ത്യവിശ്രമം. ഒഴുകിയെത്തിയ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കുനിയിൽ ഇരിപ്പാക്കുളം ജുമാമസ്ജിദിൽ ഖബറടക്കി. ഡൽഹിയിൽനിന്ന് ഞായറാഴ്ച രാത്രി എട്ടോടെ ഇൻഡിഗോ വിമാനത്തിലാണ് ഭൗതികശരീരം കരിപ്പൂരിലെത്തിച്ചത്.
വിമാനത്താവളത്തിൽ കലക്ടർ വി.ആർ. പ്രേംകുമാർ ഏറ്റുവാങ്ങി. തുടർന്ന് ഹജ്ജ് ഹൗസിൽ സൂക്ഷിച്ച മൃതദേഹം മലപ്പുറം ജില്ല സൈനിക കൂട്ടായ്മയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ വിലാപയാത്രയായി ജന്മനാടായ കുനിയിൽ കൊടവങ്ങാട്ടെത്തിച്ചു.
മിച്ചഭൂമി മൈതാനത്ത് പൊതുദർശനത്തിന് വെച്ചശേഷം 122 ടി.എ മദ്രാസ് ബറ്റാലിയന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. മേജർ പ്രവീൺ കുമാർ യാദവ്, കേണൽ നവീൻ ബൻജിത്ത് എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു.വിമാനത്താവള-സി.ഐ.എസ്.എഫ് അധികൃതരും ജില്ല ഭരണകൂടത്തിനുവേണ്ടി കലക്ടർ വി.ആർ. പ്രേംകുമാറും പുഷ്പചക്രമർപ്പിച്ചു.
സംസ്ഥാന സർക്കാറിനുവേണ്ടി പി.കെ. ബഷീർ എം.എൽ.എ അന്ത്യോപചാരം അർപ്പിച്ചു. ലിന്റോ ജോസഫ് എം.എൽ.എ, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭരത് റെഡ്ഡി, എ.ഡി.എം എൻ.എം. മൊഹറലി, അരീക്കോട് എസ്.എച്ച്.എം അബ്ബാസ് അലി, കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി. സഫിയ ഹുസൈൻ, വൈസ് പ്രസിഡന്റ് പി.പി. റഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, സൈനിക-പൊലീസ് ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-മത സംഘടന പ്രവർത്തകർ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
നിക്കാഹ് കഴിഞ്ഞശേഷം ജനുവരി 22ന് ലഡാക്കിലേക്ക് മടങ്ങിയ നുഫൈലിന്റെ മരണം വ്യാഴാഴ്ച രാവിലെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.