കോണ്‍ഗ്രസില്‍ നല്ല ടീം ഉണ്ട്, മാധ്യമങ്ങള്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കേണ്ടെന്ന് വി.ഡി. സതീശൻ

കൊച്ചി (പറവൂർ): കോണ്‍ഗ്രസില്‍ നല്ല ടീം ഉണ്ടെന്നും, അതില്‍ മാധ്യമങ്ങള്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏത് കോണ്‍ഗ്രസ് നേതാവിന്റെ ചിത്രം വച്ച് പോസ്റ്റര്‍ അടിച്ചാലും കുഴപ്പമില്ല. കോണ്‍ഗ്രസില്‍ കുഴപ്പമാണെന്നത് സി.പി.എം നറേറ്റീവാണ്.

കൊച്ചി സീറ്റിന് വേണ്ടി ഞാനും കെ.സി വേണുഗോപാലും തമ്മില്‍ അടി നടന്നെന്ന വാര്‍ത്ത പോലും ഞങ്ങള്‍ ഒന്നിച്ചിരുന്ന് കണ്ട് ചിരിക്കുകയായിരുന്നു. യോഗത്തില്‍ നിന്നും എല്ലാവരും ചായകുടിക്കാന്‍ ഉള്‍പ്പെടെ പലതവണ ഇറങ്ങിപ്പോയി. ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചര്‍ച്ച നടത്തിയിട്ടുണ്ട്. സി.പി.എമ്മിലേതു പോലെ പിണറായി വിജയന്‍ പോക്കറ്റില്‍ നിന്നും ഒരു കടലാസ് എടുത്ത് വായിച്ചാല്‍ കയ്യടിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഓരോ സ്ഥാനാര്‍ത്ഥികളെ കുറിച്ചും വിശദമായ ചര്‍ച്ച നടത്തിയാണ് തീരുമാനിച്ചത്. സി.പി.എമ്മിലെയും എന്‍.ഡി.എയിലെയും പല സ്ഥാനാര്‍ത്ഥികളെയും ഇപ്പോഴും തീരുമാനിച്ചിട്ടില്ല. യു.ഡി.എഫിന്റെ 140 സ്ഥാനാര്‍ത്ഥികളും പ്രചാരണം തുടങ്ങിയെന്നും വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ഫോണ്‍ വിളിച്ചെന്ന് പറഞ്ഞതില്‍ ജി സുധാകരന്‍ പറഞ്ഞത് മാത്രമെ വിശ്വസിക്കൂ. അദ്ദേഹം നുണ പറയില്ലെന്നും സതീശൻ പറഞ്ഞു. സി.പി.എം നേതാവായി ഇരിക്കുമ്പോള്‍ പോലും ജി. സുധാകരനെ കുറിച്ച് ആദരവോടെ മാത്രമെ സംസാരിച്ചിട്ടുള്ളൂ. നീതിമാനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നേരും നെറിയും നോക്കി തീരുമാനം എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ അദ്ദേഹം പറയുന്നത് മാത്രമെ വിശ്വസിക്കൂ. ജി. സുധാകരന്‍ തീരുമാനം എടുത്ത ശേഷമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടത്. പന്ന്യന്‍ രവീന്ദ്ര പറവൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും മോശമായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇപ്പോഴും അദ്ദേഹവുമായി സൗഹൃദമുണ്ടെന്നും സതീശൻ പറഞ്ഞു.

തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.എമ്മിന്റെ മെറിറ്റ് എന്താണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. സാജന്റെ ആത്മഹത്യയ്ക്ക് പ്രേരണയായത് അവരാണെന്ന് കണ്ണൂരിലെ ഏറ്റവും മുതിര്‍ന്ന നേതാവും 25 വര്‍ഷം ഏരിയാ സെക്രട്ടറിയുമായിരുന്ന ടി.കെ ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് എതിര്‍പ്പുയര്‍ന്നത്. ഷംസീറിന് സീറ്റ് നല്‍കാത്തത് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സി.പി.എമ്മിലുണ്ട്.

നൂറിലധികം സീറ്റുമായി യു.ഡി.എഫില്‍ അധികാരത്തില്‍ എത്തുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം ശരിയാണെന്നും സതീശന് തെറ്റാറില്ലെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്. ഇക്കാര്യം അദ്ദേഹം എന്നോടും പറയാറുള്ളതാണ്. മാധ്യമങ്ങള്‍ വെറുതെ പോയി കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും പേരില്‍ 48 മണിക്കൂര്‍ കള്ളവാര്‍ത്തകള്‍ ഉണ്ടാക്കിയതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് ഇല്ലാതായതെന്നും സതീശൻ ആരോപിച്ചു. സി.പി.എമ്മില്‍ നിന്നും പണം പറ്റി കോണ്‍ഗ്രസിനെ അപമാനിക്കാന്‍ നടക്കുന്ന ചില മാധ്യമങ്ങളുടെ നുണ ബോംബുകള്‍ ഏഴു നിലയില്‍ പൊട്ടി. അതൊക്കെ കണ്ട് ജനങ്ങള്‍ ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ട്. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ട്. പക്ഷെ കുറച്ച് കൂടി നല്‍കണമെന്ന അഭിപ്രായം ഉണ്ടായിരുന്നതായും സതീശൻ പറഞ്ഞു.

Tags:    
News Summary - V.D. Satheesan press conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.