ജനനി ജന്മരക്ഷാ പദ്ധതിയിൽ വൻ വീഴ്ചയെന്ന് എ.ജി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി കുട്ടികളെ കൊല്ലുന്നത് ഉദ്യോഗസ്ഥരോ? എ.ജിയുടെ ഓഡിറ്റ് റിപ്പോർട്ട് വായിക്കുമ്പോൾ സ്വാഭാവികമായി തോന്നുന്ന ചോദ്യമാണിത്. ആദിവാസി മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഫലം യഥാസമയം അർഹമായ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് പട്ടികവർഗ മന്ത്രി എ.കെ. ബാലൻ നിരന്തരം അവകാശപ്പെടുമ്പോഴാണ് ജനനി ജന്മരക്ഷാ പദ്ധതി നടപ്പാക്കുന്നതിലെ വൻവീഴ്ചകൾ എ.ജി ചൂണ്ടിക്കാണിച്ചത്.

ഗോത്രവർഗ ആരോഗ്യ വികസനത്തിന്‍റെ പ്രധാന ആശങ്കകളിലൊന്ന് ആദിവാസികളായ അമ്മമാരുടെയും പിറക്കുന്ന കുഞ്ഞുങ്ങളുടെയും പോഷക പ്രശ്നങ്ങളാണ്. പോഷകാഹാരം പോയിട്ട് മതിയായ ഭക്ഷണം പോലും ലഭിക്കാത്ത ഗർഭിണികളാണ് അട്ടപ്പാടിയുടെ പ്രത്യേകത. ഗർഭകാലത്തും പ്രസവാനന്തര കാലത്തും മതിയായ പോഷകാഹാരവും മറ്റും ലഭിക്കാത്തതാണ് അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. 2012 മുതൽ 2018 വരെ സർക്കാറിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 109 കുട്ടികളാണ് മരിച്ചത്.

2012ൽ 12
2013ൽ 30
2014ൽ 15
2015ൽ 13
2016ൽ 08
2017ൽ 14
2018ൽ 13
എന്നിങ്ങനെയായിരുന്നു കുട്ടിമരണങ്ങൾ.

അട്ടപ്പാടിയിലെ ഗോത്രവർഗക്കാർക്കിടയിൽ പോഷകാഹാരക്കുറവ് കാരണം കുട്ടിമരണം കുടിയപ്പോഴാണ് 2012ൽ ജനനീ ജന്മരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, സമയബന്ധിതമായി സാമ്പത്തിക സഹായം നൽകുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടു. ഇത് പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്നാണ് എ.ജി കണ്ടെത്തിയത്. 



ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ കുട്ടിക്ക് ഒരു വർഷം എത്തുന്ന വരെ 18 മാസത്തേക്ക് പ്രതിമാസം 1000 രൂപ സഹായം യഥാസമയം നൽകുന്നതിനാണ് ജനനീ ജന്മരക്ഷാ പദ്ധതി വിഭാവനം ചെയ്തത്. പിന്നീട് 2018 ഓഗസ്റ്റിൽ തുക 2000 ആയി ഉയർത്തി. അപേക്ഷകൾ ട്രൈബൽ എസ്റ്റൻഷൻ ഓഫിസർ (ടി.ഇ.ഒ) പ്രോജക്ട് ഓഫിസിലേക്ക് (ടി.ഒ) കൈമാറണം.

മാർ‌ഗനിർ‌ദേശ‌ പ്രകാരം, ജനനീ ജന്മരക്ഷയിലെ സഹായം ഗർഭിണിക്ക് മൂന്നാം മാസം മുതൽ‌ പ്രതിമാസം വിതരണം ചെയ്യണം. അപേക്ഷ ഗർഭത്തിന്‍റെ മൂന്നാം മാസത്തിന് മുമ്പായി ഡി‌.ടി.‌ഒക്ക് കൈമാറണം. എന്നാൽ, ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ തന്നെ അപേക്ഷകൾ ഓഫിസിലേക്ക് അയച്ചിരുന്നില്ല. ഏഴ്-എട്ട് മാസമാകുമ്പോഴും പ്രസവിച്ച് കുട്ടി നാല് മാസമായപ്പോഴുമാണ് പലരുടെയും അപേക്ഷ ലഭിച്ചത്. പ്രതിമാസം 2000 രൂപ നൽകുന്നതിന് പകരം 15,000, 12,000 രൂപ ഒന്നിച്ച് നൽകുകയാണ്.

ഗർഭാവസ്ഥയുടെ ഓരോ മാസത്തിലും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനാണ് ധനസഹായം നൽകുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ വഴി ഗുണഭോക്താക്കൾക്ക് അതിനുള്ള അവസരം നിഷേധിക്കുകയാണ്.



ഓഫിസിലെ രേഖകളും ഫയലുകളും പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ ഗർഭാവസ്ഥയുടെ മൂന്നാം മാസത്തിനുള്ളിൽ അപേക്ഷകൾ ഓഫിസിലേക്ക് അയച്ചിട്ടില്ലെന്ന് കണ്ടെത്തി. ഗോത്രവർഗ പ്രമോട്ടർമാരുടെ സഹായത്തോടെ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷകൾ കൈമാറുന്നതിൽ ടി.ഇ.ഒമാർ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്.

പ്രോജക്ട് ഓഫിസർ രജിസ്റ്റർ സമയബന്ധിതമായി പരിശോധിച്ചിട്ടില്ല. അപേക്ഷകൾ കൈമാറുന്നതിലെ കാലതാമസത്തിൽ ഓഫിസർ നടപടി സ്വീകരിച്ചിട്ടില്ല. ടി.ഇ.ഒയിൽ നിന്ന് ക്ലെയിമുകൾ കൈമാറുന്നതിൽ കാലതാമസമുണ്ടാകുന്നു. ഗർഭിണികളായ ഗോത്രവർഗക്കാർക്ക് തുക ലഭിക്കുന്നതിലുണ്ടാവുന്ന കാലതാമസം പരിഹരിക്കുന്ന കാര്യം പ്രോജക്ട് ഓഫിസർ ഗൗരവമായി എടുത്തില്ല. ഫലത്തിൽ, ആനുകൂല്യം ലഭിക്കുന്നതിനായി ഗോത്രവർഗക്കാർ പ്രോജക്ട് ഓഫിസിൽ ഇടക്കിടെ വരേണ്ടിവരുന്നു.

കുട്ടി മൂന്ന് മുതൽ നാല് മാസം വരെ എത്തുമ്പോഴാണ് ഓഫിസർ കണ്ണ് തുറക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ശിശുമരണങ്ങൾ കൂടുതലുള്ള അട്ടപ്പാടിയിൽ, ഗർഭിണികളായ അമ്മമാർക്ക് സമയബന്ധിതമായി സഹായം നൽകേണ്ടത് അത്യാവശ്യമാണ്. പിന്നീടുള്ള ഘട്ടത്തിൽ സഹായം വിതരണം ചെയ്യുമ്പോൾ അതിന്‍റെ ഗുണഫലം ആദിവാസികൾക്ക് ലഭിക്കുന്നില്ല. പ്രോജക്ട് ഓഫിസിൽ നിന്ന് ഈ അക്കൗണ്ടിനായി വലിയ തുക ചിലവഴിച്ചിട്ടും പദ്ധതിയുടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായില്ലെന്നാണ് എ.ജിയുടെ കണ്ടെത്തൽ.

യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് തുടങ്ങി എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്ന അഭിമാന പദ്ധതിയുടെ സ്ഥിതിയാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.