ബൂത്തിന് മുന്നിൽ പ്രതിഷേധിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ജനജമ്മ ഡി.ദാമോദരൻ
ഏറ്റുമാനൂർ: സ്ഥാനാർഥിയാക്കിയ ശേഷം തിരിഞ്ഞുനോക്കാതിരുന്ന സ്വന്തം പാർട്ടി പ്രവർത്തകർക്കെതിരെ വോട്ടെടുപ്പ് ദിവസം വേറിട്ട പ്രതിഷേധവുമായി ബി.ജെ.പി സ്ഥാനാർഥി. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ (റെയിൽവേ സ്റ്റേഷൻ) ബി.ജെ.പി സ്ഥാനാർഥി ജനജമ്മ ഡി. ദാമോദരനാണ് പാർട്ടിക്കെതിരെ പോളിങ് ബൂത്തിന് സമീപം നിൽപ്പുസമരവുമായി രംഗത്തുവന്നത്. റിട്ട. യൂണിവേഴ്‌സിറ്റി ജീവനക്കാരിയാണ് ഇവർ.
ഇന്നലെയായിരുന്നു അതിരമ്പുഴയിൽ വോട്ടെടുപ്പ്. രാവിലെ വോട്ടർമാരെ കാണുന്നതിനും വോട്ട് അഭ്യർഥിക്കുന്നതിനുമായി ജനജമ്മ ഡി. ദാമോദരൻ പോളിങ് സ്‌റ്റേഷനിലെത്തിയപ്പോൾ സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റോ ബി.ജെ.പി നേതാക്കളോ പ്രവർത്തകരോ ആരും ഉണ്ടായിരുന്നില്ല. വോട്ടർമാർക്ക് കൊടുക്കാനുള്ള വോട്ടേഴ്സ് സ്ലിപ്പ് പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ സ്വന്തം സ്‌ളിപ്പുപോലും എതിർസ്ഥാനാർഥിയുടെ പ്രവർത്തകരോടാണ് ജനജമ്മ വാങ്ങിയത്. ഒരുപാർട്ടിയിലുമില്ലായിരുന്നതന്നെ ബി.ജെ.പി പ്രവർത്തകർ നിർബന്ധിച്ച് സ്ഥാനാർഥിയാക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.
പാർട്ടി അവഗണനയിൽ പ്രതിഷേധിച്ച് ഗവ. ഐടിഐയിലെ പോളിങ് സ്‌റ്റേഷനുമുന്നിൽ പോളിങ് കഴിയുന്നതുവരെ നിൽപ്പുസമരം നടത്തിയാണ് ജനജമ്മ മടങ്ങിയത്. ഇടയ്ക്ക് മകൻ അജിത്കുമാർ വെള്ളംകൊണ്ടുവന്ന് കൊടുത്തു.
സ്ഥാനാർഥിയാകാമെന്ന് സമ്മതിച്ചപ്പോൾ കുറച്ച് നോട്ടീസ് അച്ചടിച്ചു തന്നതായി ഇവർ പറയുന്നു. ചെലവിനായി 2500 രൂപയും തന്നു. എന്നാൽ, വീടുകയറി വോട്ടുചോദിക്കാനും പ്രചാരണം നടത്താനും ആരും വന്നില്ലത്രെ. ഒറ്റക്ക് വീടുകൾ കയറിമടുത്ത ഇവർ നേതാക്കളെ വിളിച്ചപ്പോൾ തിരക്കിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.