സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍ രാജന്‍റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് ജമാഅത്തെ ഇസ്​ലാമി

നെയ്യാറ്റിൻകര: സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത രാജന്‍റെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് രാജന്‍റെ വീട് സന്ദര്‍ശിച്ച ജമാഅത്തെ ഇസ്​ലാമി സംഘം പ്രഖ്യാപിച്ചു. കുടുംബത്തിന്‍റെ നിലവിലെ അവസ്ഥ മനസിലാക്കി തുടര്‍പദ്ധതികള്‍ക്ക് രൂപം നൽകി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കും.

ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സമിതി അംഗം എച്ച്. ഷഹീര്‍ മൗലവി, ജില്ല പ്രസിഡന്‍റ് എസ്. അമീന്‍, വെസ് പ്രസിഡന്‍റ് ആരിഫ് എം, സെക്രട്ടറിമാരായ നസീര്‍ ഖാന്‍, മുര്‍ഷിദ് അഹമ്മദ് എന്നിവരാണ് വീട് സന്ദര്‍ശിച്ചത്.

സര്‍ക്കാര്‍ പൂര്‍ണമായി കൈയൊഴിഞ്ഞെന്ന് ബോധ്യപ്പെട്ടാല്‍ ഇവരുടെ വിദ്യാഭ്യാസം ജമാഅത്തെ ഇസ്​ലാമി ഏറ്റെടുക്കും. സര്‍ക്കാര്‍ നയങ്ങളിലെ അപാകതയും പൊലീസിന്‍റെ വീഴ്ചയുമാണ് ആത്മഹത്യാ പ്രേരണയായത്.

മാതാപിതാക്കൾ കണ്മുന്നിൽ കത്തിക്കരിയുന്നത് നേരില്‍കാണേണ്ടിവന്ന രണ്ട് മക്കള്‍ക്കും നീതി ഉറപ്പാക്കണം. അരമണിക്കൂര്‍ സമയം അനുവദിച്ച് രണ്ട് ജീവനുകള്‍ രക്ഷിക്കാനുള്ള മനസ്സ് പോലും കാണിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പൊലീസിന്‍റെ അനാസ്ഥയാണ് ജീവനുകൾ നഷ്ടപ്പെടാനിടയാക്കിയത്.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്​ലാമി സംസ്ഥാന കമ്മിറ്റി അംഗം ഷഹീര്‍ മൗലവി ആവശ്യപ്പെട്ടു.

ഭൂപരിഷ്‌കരണ നിയമം നഗ്‌നമായി ലംഘിക്കപ്പെട്ടതാണ് കരളലിയിപ്പിക്കുന്ന ഈ ദുരന്തത്തിന് മൂലകാരണം. ഈ ലക്ഷം വീട് കോളനിയില്‍ ഒരു വ്യക്തിക്ക് മാത്രം 11 സെന്‍റ് ഭൂമിയിലേറെ അവകാശവാദം ഉന്നയിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ജില്ല പ്രസിഡന്‍റ് എസ്. അമീന്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് രണ്ട് ജീവന്‍ പൊലിയാനിടയാക്കിയതെന്നും ദുരന്തകാരണമായ ഭൂമിയുടെ കൈമാറ്റം വ്യവസ്ഥകള്‍ ലംഘിച്ചാണോ നടത്തിയിട്ടുള്ളതെന്നും പരിശോധിച്ചു കണ്ടെത്തണമെന്നും സംഘം ആവശ്യപ്പെട്ടു. ഭൂരഹിതര്‍ക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.