ന്യൂഡൽഹി: മൗലികവാദ, തീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.എയും മുസ്ലിംകളെ സ്വധീനിക്കുന്നുവെന്നും ഹിന്ദുത്വ ശക്തികളിൽ നിന്നുള്ള ആക്രമണത്തെ തുടർന്നുള്ള ഭയവും അന്യവത്കരണവും മുതലെടുക്കുന്നുവെന്നും സി.പി.എം കരട് പ്രമേയത്തിൽ പറയുന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എമ്മിനുള്ള സ്വാധീനം ഇല്ലാതാക്കാൻ അവർ ലക്ഷ്യമിടുന്നു.
ന്യൂനപക്ഷ തീവ്രവാദത്തെ അധികാരത്തിലുള്ള ഹിന്ദുത്വ വർഗീയ ശക്തികളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. എന്നാൽ, ഭൂരിപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിൽ ഇവർക്കുള്ള പങ്ക് അവഗണിക്കാനാകില്ല. അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രം ബി.ജെ.പിയെയും ആർ.എസ്.എസിനെയും ഒറ്റപ്പെടുത്താനോ പരാജയപ്പെടുത്താനോ കഴിയില്ലെന്ന് ഹിന്ദുത്വത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദീകരിച്ചിട്ടുള്ള ഭാഗത്തിൽ പറയുന്നു.
പാർട്ടിയുടെ എല്ലാ ഭൗതിക വിഭവങ്ങളും ഉപയോഗിച്ച് ഹിന്ദുത്വ പ്രോപ്പഗണ്ടക്കും പ്രവർത്തനങ്ങൾക്കുമെതിരെ ബഹുതല കാമ്പയിൻ സംഘടിപ്പിക്കണം. ചരിത്രം തിരുത്തിയെഴുതാനും വിദ്യാഭ്യാസ സമ്പ്രദായത്തിൽ വർഗീയ ഉള്ളടക്കം അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം. ഉത്സവങ്ങളും സാമൂഹിക ഒത്തുചേരലുകളും വർഗീയവത്കരണത്തിന് ഉപയോഗിക്കുന്നത് തടയാൻ ഇടപെടൽ നടത്തണം.
വിശ്വാസികൾക്കിടയിൽ പ്രവർത്തിക്കണം. ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കിടയിൽ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വർഗീയ വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം തുടങ്ങി ഏഴ് നിർദേശങ്ങളാണ് കരട് പ്രമേയം മുന്നോട്ടുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.