മരുന്നില്‍ കുടുങ്ങി യുവതി സൗദി ജയിലിലായി; കുറിപ്പടി രക്ഷിച്ചു

കോട്ടയം: നാഡീസംബന്ധമായ രോഗത്തിനുള്ള മരുന്നുമായി സൗദി അറേബ്യയിലുള്ള ഭര്‍ത്താവിന്‍െറ അടുത്തേക്ക് പോയ യുവതി ദമ്മാം ജയിലില്‍നിന്ന് മോചിതയായത് ഡോക്ടറുടെ കുറിപ്പടിയും ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള ഇടപെടലും ഉണ്ടായതിനാല്‍. വ്യാഴാഴ്ച രാത്രിയോടെയാണ് സൗദി പൊലീസ് പിടികൂടി ദമ്മാം ജയിലില്‍ അടച്ച മണിമല ആലപ്ര മംഗലശ്ശേരി വീട്ടില്‍ ഹിസാന ഹുസൈന്‍ (26) മോചിതയായത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്കുള്ള വിമാനത്തില്‍ കൊച്ചിയില്‍നിന്നാണ് ഹിസാന സ്വന്തം ആവശ്യത്തിനുള്ള മരുന്നുമായി മൂന്നു വയസ്സുള്ള മകനുമായി യാത്ര തിരിച്ചത്. ദമ്മാം വിമാനത്താവളത്തില്‍ ഡ്രഗ്സ് ആന്‍ഡ് നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ മയക്കുമരുന്നെന്ന് തെറ്റിദ്ധരിച്ചാണ് അമ്മയെയും കുഞ്ഞിനെയും ജയിലില്‍ അടച്ചത്. കുട്ടിയെ പിന്നീട് വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തെിയ പിതാവും കോട്ടയം താഴത്തങ്ങാടി സ്വദേശിയുമായ ലിയാഖത്തിന് കൈമാറിയിരുന്നു.

കൈവശമുണ്ടായിരുന്നത് മരുന്നാണെന്ന ആശുപത്രി രേഖകളും പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതോടെയാണ് മോചനം സാധ്യമായതെന്നും വ്യാഴാഴ്ച രാത്രി ഹിസാനയുമായി ഫോണില്‍ സംസാരിച്ചെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ളെന്നും ഹിസാനയുടെ പിതാവ് ഹുസൈന്‍ (കുഞ്ഞുമോന്‍) പറഞ്ഞു. ഹിസാനയുടെ കൈവശമുണ്ടായിരുന്ന മരുന്നിലെ ചേരുവയിലുള്ള രാസഘടകം സൗദിയില്‍ നിരോധിച്ചവയില്‍പെടുന്നതാണ്.കുറിപ്പടിയില്ലാത്ത മരുന്നുമായുള്ള യാത്ര സൗദിയില്‍ കുറ്റകരമാണെന്ന വസ്തുത പലര്‍ക്കും അറിയാത്തതാണ് പ്രശ്നത്തിനിടയാക്കുന്നത്.

Tags:    
News Summary - jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.