കാസർകോട്: ജയിൽ ഉപദേശകസമിതി ശിക്ഷയിളവിന് ശിപാർശചെയ്ത തടവുകാരുടെ പട്ടിക ‘തടങ്കലി’ലിരിക്കെ വീണ്ടും ജയിൽ ഉപദേശകസമിതികൾ ചേരുന്നു. 1850 തടവുകാർക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാറിെൻറ ശിപാർശ വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഗവർണർ മടക്കിയിരുന്നു. ആറു മാസത്തിലൊരിക്കൽ ജയിൽ ഉപദേശകസമിതി ചേർന്ന് ശിക്ഷയിളവിന് അർഹതയുള്ളവരുടെ പട്ടിക തയാറാക്കണമെന്നാണ് ചട്ടം. ജനുവരിയിൽ സർക്കാർ പുറത്തിറക്കിയ ജംബോ ലിസ്റ്റ് ഗവർണർ മടക്കിയശേഷം ഒമ്പതുമാസം കഴിഞ്ഞാണ് ജയിൽ ഉപദേശകസമിതി ചേരുന്നത്. ചീമേനി തുറന്നജയിലിൽ ഒക്ടോബർ 12നും കണ്ണൂർ സെൻട്രൽ ജയിലിൽ 13നും സമിതി ചേരും. എല്ലാ ജയിലുകളിെലയും ജയിൽ റമിഷൻ (ശിക്ഷയിളവിനുള്ള മാർക്ക്) നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഗവർണർക്ക് നൽകിയ 1850 പേരുടെ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെട്ടതും യു.ഡി.എഫ് കാലത്ത് ഉപദേശകസമിതി ചേർന്ന് ജയിൽ റമിഷൻ നൽകാത്തതിനെ തുടർന്ന് പ്രതികളുടെ എണ്ണം വർധിച്ചതും വിവാദമായിരുന്നു. ഗവർണർ പട്ടിക മടക്കിയശേഷം ഒരു പൊതുതാൽപര്യ ഹരജിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി അത് മരവിപ്പിക്കുകയും ചെയ്തു. കോടതിയുടെയും ഗവർണറുടെയും അധികാരപരിധിയിലുള്ള പട്ടികയിൽ വീണ്ടും ഇടപെടുന്നത് ടി.പി കേസ് പ്രതികളുടെ പേരിൽ സർക്കാറിനെ തിരിഞ്ഞുകൊത്തുമെന്ന സ്ഥിതി ഒഴിവാക്കാനാണ് ജയിൽ ഉപദേശകസമിതിയോട് വീണ്ടും അർഹരുടെ പുതിയ പട്ടിക തയാറാക്കാൻ നിർദേശിച്ചത്. ആദ്യത്തെ പട്ടിക സ്വാഭാവികനിലയിൽ ഗവർണർ അംഗീകരിച്ചുകിട്ടാനാണ് സർക്കാറിെൻറ ശ്രമം. പുതിയ പട്ടിക അതിന് കാരണമാകണമെന്നാണ് താൽപര്യം.
ജയിൽ കാലാവധിയിൽ ഗുണപരമായ മാറ്റത്തിന് വിധേയരായ തടവുകാർക്ക് നൽകുന്ന മാർക്കിെൻറ (ജയിൽ റമിഷൻ) അടിസ്ഥാനത്തിലാണ് ശിക്ഷയിളവ് ലഭിച്ചവരുടെ പട്ടിക തയാറാക്കിയത്. ചെറിയകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് 14 വർഷം പൂർത്തിയായവർ തുടങ്ങി കീഴ്വഴക്കമനുസരിച്ച് ഇളവിന് അർഹതയുള്ളവർ ഗവർണർ മടക്കിയ പട്ടികയിൽ ഏറെയുണ്ടായിരുന്നു. കൂടുതൽ വിശദീകരണമാണ് ഗവർണർ ആവശ്യപ്പെട്ടത്. ഇത് സർക്കാർ നൽകിയില്ല. കലക്ടർ, ജഡ്ജി, പ്രബേഷനറി ഒാഫിസർ, ജില്ല പൊലീസ് മേധാവി, സർക്കാർ പ്രതിനിധികൾ എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് ശിക്ഷയിളവ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.