സെൻട്രൽ ജയിലിൽ നടന്ന ജയിൽ അദാലത്ത് ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് ഉദ്ഘാടനം ചെയ്യുന്നു.


ജയിൽ അദാലത്ത്: ഏഴ് വിചാരണ തടവുകാരുടെ കേസുകൾ ഒത്ത് തീർപ്പാക്കി

തിരുവനന്തപുരം; തിരുവനന്തപുരം ജില്ലാ ലീ​ഗൽ സർവീസസ് അതോറ്റിറിയും, ജയിൽ വകുപ്പും സംയുക്തമായി ജില്ലയിലെ എല്ലാ ജയിലുകളിലേയും വിചാരണ തടവുകാരുടെ, നഷ്ടപരിഹാരം ഈടാക്കി തീർപ്പാക്കാവുന്ന കേസുകളുടെ (കോമ്പൗണ്ടബിൾ കേസുകൾ) പരി​ഗണനക്ക് വന്ന എട്ട് കേസുകളിൽ ഏഴ് കേസുകളിലും തീർപ്പ് കൽപ്പിച്ചു.

പൂജപ്പുര സെൻട്രൽ ജയിലിൽ ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ് ഷംനാദിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാറിന്റെ മൊബൈൽ മോഷ്ടിച്ച പ്രതിയേയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ തീർപ്പ് കൽപ്പിച്ചു. ഒരുമാസം മുൻപ് ബാലരാമപുരത്ത് വെച്ച് ഔദ്യോ​ഗിക വാഹനത്തിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊബൈൽ ഫോൺ ഔദ്യോ​ഗിക വാഹനത്തിൽ വെച്ച് മോഷ്ടിച്ച ബം​ഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നെയ്യാറ്റിൻകര സബ്ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു പ്രതി. ഈ കേസിനെ അണ്ടർ ട്രയൽ റിവ്യൂ കമ്മിറ്റി കാമ്പയിന്റെ ഭാ​ഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ടപ്പോൾ കേസ് തുടരാൻ താൽപര്യമില്ലെന്നും, എന്നാൽ പ്രതി സ്വയം കൗൺസിലിങ്ങിന് വിധേയമാകണമെന്നും ഇനി ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടില്ലയെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുടന്ന് അദാലത്തിൽ വെച്ച് പ്രതിയോട് സംസാരിക്കാൻ അവസരം ഉണ്ടാക്കുകയും, ഒത്ത് തീർപ്പിൽ എത്തുകയുമായിരുന്നു.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അശോകൻ പരാതിക്കാരനായ കേസിൽ അശോകന്റെ കാറിൽ ഉണ്ടായിരുന്ന 44,000 രൂപയും ഡ്രൈവിം​ഗ് ലൈസൻസും, ഇലക്ഷൻ ഐ.ഡിയും അപഹരിച്ച കേസ്, പി.ഡബ്യുഡി കരാറുകാരനായ ഷെമീറിന്റെ നിർമാണ സ്ഥലത്ത് നിന്നും കോൺ​ഗ്രീറ്റ് ഷീറ്റുകൾ മോഷ്ടിച്ച കേസ്, ശശിധരൻനായരുടെ ബൈക്ക് മോഷ്ടിച്ച കേസ്, ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ സൂക്ഷിച്ച പൂജാരിയുടെ ബൈക്ക് മോഷ്ടിച്ച കേസ്, പരാതിക്കാരാനായ ഓട്ടോ ഡ്രൈവർ സൈജുവിൽ നിന്നും പതിനായിരം രൂപ മോഷ്ടിച്ച കേസ് എന്നിവ ഉൾപ്പെടെ ഏഴ് കേസുകളിലെ വിചാരണതടവുകാരെയാണ് വാദികളുടേയും-പ്രതികളുടെ സാന്നിധ്യത്തിൽ സബ് ജഡ്ജ് കേസ് ഒത്തു തീർപ്പാക്കിയത്.

അദാലത്ത് ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് ഉദ്ഘാടനം ചെയ്തു. പ്രതികൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്നും, തന്റേയും മറ്റുള്ളവരുടേയും ബുദ്ധിമുട്ട് മനസിലാക്കാൻ പ്രതികൾ ഇതിലൂടെ പഠിക്കണമെന്നും, ക്ഷമയും, മാപ്പ് നൽകുന്നതും ആരുടേയും ദൗർബല്യമല്ലെന്നും, അത് ഏറ്റുവും നല്ല സ്വഭാവ വിശേഷണ ​ഗുണമാണെന്ന് പ്രതികൾ തിരിച്ചറിയണമെന്നും സബ്ജഡ്ജ് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

മറ്റുള്ളവരുടെ സമ്പത്തിനെ ആ​ഗ്രഹിക്കുകയോ, അവർക്ക് വിഷമം ഉണ്ടാക്കുന്ന കാര്യം ചെയ്യുന്നതിൽ നിന്നും സ്വയം , ആരോപണ വിധേയരാവർ പിൻമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാലത്തിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് സത്യരാജ്. വി, ചീഫ് ലീ​ഗൽ എയിഡ് കൗൺസിൽ സ്വപ്ന രാജ്, സെൻട്രൽ ജയിൽ ജോ. സൂപ്രണ്ട് അൽഷാൻ, വെൽഫയൽ ഓഫീസർ സുമന്ത്, ഡിഫൻസ് അഭിഭാഷകർ, എന്നിവർ സംസാരിച്ചു.


News Summary - Jail Adalat: Cases of seven trial prisoners settled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.