"കുട്ടിയെ കിണറ്റിൽ എറിഞ്ഞുകൊന്നത് താനല്ല, ശ്രീതു" ഡി.ജി.പിക്ക് മുന്നിൽ മൊഴി മാറ്റിപ്പറഞ്ഞ് അമ്മാവൻ ഹരികുമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്ന് അമ്മാവൻ ഹരികുമാറിന്‍റെ മൊഴി. കൊലപാതകത്തിൽ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യപ്രതിയായ ഹരികുമാർ മൊഴി മാറ്റിയത്. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ് കേസിൽ പ്രതിയായ ദേവേന്ദുവിന്‍റെ അമ്മാവൻ ഹരികുമാറിന്‍റെ പുതിയ മൊഴി. ഹരികുമാറിന്‍റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്മ ശ്രീതുവിനെയും അമ്മാവൻ ഹരികുമാറിന്‍റെയും നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു.

മൂന്നാഴ്ച മുൻപ് തിരുവനന്തപുരം റൂറൽ എസ്.പി കെ.എസ്. സുദർശൻ ജയിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതി ഹരികുമാർ അദ്ദേഹത്തെ കണ്ടാണ് മൊഴി നൽകിയിരിക്കുന്നത്. താനല്ല, ശ്രീതുവാണ് കുട്ടിയെ കൊന്നതെന്നും തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് ശ്രീതു നടത്തിയതെന്നുമാണ് പുതിയ മൊഴി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും ഹരികുമാർ മൊഴി ആവർത്തിച്ചു.

താനാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള ഹരികുമാറിന്‍റെ മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ കുറ്റപത്രം സമര്‍പ്പിക്കാൻ ഇരിക്കെയാണ് കേസിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.

ഹരികുമാറിന്‍റെ മൊഴി പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ലെങ്കിലും മൊഴി മാറ്റത്തോടെ നുണപരിശോധനക്ക് ശേഷം കുറ്റപത്രം നൽകിയാൽ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനക്ക് വിധേയമാക്കും. സഹോദരിയോടുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്.

ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റിൽ നിന്നു രണ്ടു വയസ്സുകാരി ദേവേന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മാവൻ ഹരികുമാർ കുട്ടിയെ മുറിയിൽ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റിൽ എറിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Tags:    
News Summary - "It was not me who threw the child into the well, Sreetu," uncle Harikumar changed his statement before the DGP.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.