കല്ല് പിഴുതെറിയുന്നതിന് തുടക്കമിട്ടത് എ.കെ. ആന്‍റണി, ഇ.എം.എസ് സർക്കാറിനെതിരെ 'വെളുത്തുള്ളി കായൽ' സമരത്തിൽ

കെ റെയിൽ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഭൂമിയിൽ അധികൃതർ സ്ഥാപിച്ച കല്ലുകൾ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പിഴുതെറിയുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ ദിനംപ്രതി വരുന്നത്. ഇതിന് സമാനമായി 54 വർഷങ്ങൾക്ക് മുമ്പ് എ.കെ. ആന്‍റണിയും ഉമ്മൻ ചാണ്ടി, എ.സി. ഷണ്മുഖദാസ് അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും ചേർന്ന് അതിരുകല്ലുകൾ പറിച്ചെറിഞ്ഞത് ചർച്ചയാവുകയാണ് സമൂഹമാധ്യമങ്ങളിൽ. 'ചരിത്ര സഞ്ചാരി' എന്ന ഫേസ്ബുക്കിൽ പേജിൽ പോസ്റ്റ് ചെയ്ത ലേഖനം മുൻ ഇടത് സഹയാത്രികൾ ചെറിയാൻ ഫിലിപ്പാണ് തന്‍റെ എഫ്.ബി പേജിലൂടെ പങ്കുവെച്ചത്.

ഇ.എം.എസ് രണ്ടാം മന്ത്രിസഭയുടെ കാലത്ത് 1968ൽ ആലപ്പുഴ വെളുത്തുള്ളി കായൽ സമരവുമായി ബന്ധപ്പെട്ടാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടംനേടിയ അതിരുകല്ലുകൾ പറിച്ചെറിഞ്ഞുള്ള സമരം നടക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ മേഖലയിലെ വെളുത്തുള്ളി കായൽ എന്നറിയപ്പെടുന്ന പ്രദേശം കൃഷിയുടെ പേരിൽ മറ്റു ദേശങ്ങളിൽ നിന്ന് വന്നവർക്ക് ഇ.എം.എസ് സർക്കാർ പതിച്ചു കൊടുത്തത്. 1968 ജനുവരി 31നാണ് റവന്യൂ വകുപ്പ് ജീവനക്കാർ 108 ഏക്കർ കായൽ അളന്ന് അതിരുകുറ്റികൾ സ്ഥാപിക്കാൻ തുടങ്ങിയത്.

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച പരിസരവാസികളായ സ്ത്രീകളും കുട്ടികളും മത്സ്യത്തൊഴിലാളികളും കർഷകരും അടക്കമുള്ളവരെ കുത്തിയതോട് സ്റ്റേഷനിലെത്തിച്ച് പൊലീസ് മർദിച്ചു. ഇതേതുടർന്ന് സംസ്ഥാന അധ്യക്ഷൻ എ.കെ ആന്റണിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജനകീയ സമരം ഏറ്റെടുത്തു. ജൂലൈ ഏഴിന് വെളുത്തുള്ളി കായലിലേക്ക് പ്രകടനമായി നീങ്ങിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ എ.കെ. ആന്റണിയുടെ ആഹ്വാന പ്രകാരം കായൽ അളന്ന് നാട്ടിയ അതിരുകല്ലുകൾ പിഴുതെറിയുകയായിരുന്നു. അതിരുകല്ലുകൾക്ക് കാവൽ നിന്ന പൊലീസുകാരും സി.പി.എം അണികളും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ തിരിഞ്ഞു. പൊലീസ് ലാത്തിച്ചാർജിൽ എ.കെ. ആന്‍റണി അടക്കമുള്ള നേതാക്കൾക്കും 15 സ്ത്രീകൾക്കും പരിക്കേറ്റത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:

എ.കെ ആന്‍റണി അതിരുകല്ലുകൾ പറിച്ചെറിഞ്ഞപ്പോൾ

പണ്ടൊരു യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് അതിരുകല്ലുകൾ പറിച്ചെറിഞ്ഞപ്പോൾ കേരള രാഷ്ട്രീയം മാറി മറിഞ്ഞു. അന്നത്തെ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് എ.കെ. ആന്റണിയായിരുന്നു. അതൊരു പഴയ സമര കഥയാണ്. ആ സംഭവം വെളുത്തുള്ളി കായൽ സമരം എന്ന് ചരിത്രത്തിൽ ഇന്ന് അറിയപ്പെടുന്നു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്താണ് ഈ സംഭവം അരങ്ങേറിയത്. അണികളെ കൂടെ നിർത്താൻ ഇ.എം.എസ് പല അടവുകളും പയറ്റുന്ന കാലം.

ആലപ്പുഴ ജില്ലയിലെ ചന്തിരൂർ മേഖലയിലെ കായൽ പ്രദേശമാണ് വെളുത്തുള്ളി കായൽ. വലിയ മൽസ്യസമ്പത്തുള്ള, ആഴമില്ലാത്ത വെളുത്തുള്ളി കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട് ജീവിക്കുന്ന വലിയൊരു ജനവിഭാഗം ജനങ്ങളുണ്ട്. കൃഷിയുടെ പേരുപറഞ്ഞു മറ്റു ദേശങ്ങളിൽ നിന്ന് കൊണ്ടുവന്നവർക്ക് വെളുത്തുള്ളി കായൽ പതിച്ചു കൊടുത്തപ്പോൾ ചന്തിരൂർ പ്രദേശത്ത് മത്സ്യബന്ധനം കൊണ്ട് ജീവിച്ചിരുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് വയറ്റിൽ തീ കോരിയിട്ട പ്രതീതിയായിരുന്നു.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെ പോലെ ആലപ്പുഴയിലും പാർട്ടി ഗ്രാമങ്ങളിൽ സൃഷ്ട്രിക്കാൻ സി.പി.എമ്മിന്റെ തീരുമാനത്തിന്റെ അനന്തരഫലം ആയിരുന്നു ഈ പതിച്ചു കൊടുക്കൽ. റവന്യൂ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മയായിരുന്നു ഇതിനായി ചരട് വലിച്ചത്. ഇ.എം.എസ് സർക്കാർ 108 ഏക്കർ ഇങ്ങനെ പതിച്ചു കൊടുത്തപ്പോൾ പരിസരവാസികളായ മത്സ്യത്തൊഴിലാളികളും കർഷകരും പ്രധിഷേധക്കാരായി.

1968 ജനുവരി 31ന് റവന്യൂ ജീവനക്കാരും സി.പി.എം അനുഭാവികളും ചേർന്ന് കായൽ അളന്ന് അതിരുകുറ്റികൾ ഇടാൻ തുടങ്ങിയത് അറിഞ്ഞ നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തികൊണ്ട് അളവ് തടസപ്പെടുത്തി. ഇതിനെ തുടർന്നുള്ള ദിവസങ്ങളിൽ പൊലീസെത്തി സ്ത്രീകളും കുട്ടികളും മത്സ്യത്തൊഴിലാളികളും അടങ്ങുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു.

സി.പി.എമ്മിന്റെ ഏകപക്ഷീയ തീരുമാനത്തെ എതിർത്തുകൊണ്ട് അന്ന് സി.പി.ഐ രംഗത്ത് വരുകയും തങ്ങളുടെ രണ്ടു- മൂന്നു പേർക്ക് സ്ഥലം പതിച്ചുകൊടുക്കാം എന്ന ഉറപ്പു മേടിച്ചുകൊണ്ട് സമരരംഗത്ത് നിന്നും പിന്മാറുകയും ചെയ്തു.

ഈ കാലം എ.കെ ആന്റണി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്നു. ഒരു ജനകീയ പ്രശ്നം എന്ന നിലയിൽ യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുത്തു. എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, എ.സി. ഷണ്മുഖദാസ് എന്നിവർ ചന്ദിരൂരിലെത്തി. യൂത്ത് കോൺഗ്രസ് നേതാക്കളെത്തിയതോട്കൂടി സമരം ജനഹൃദയങ്ങളിലെത്തി. സമരം കേരളമാകെ പടർന്നു.

ജൂലൈ ഏഴിന് യൂത്ത് കോൺഗ്രസ്‌ വെളുത്തുള്ളി കായലിലേക്ക് പ്രകടനമായി നീങ്ങി. കായലളന്ന് നാട്ടിയ അതിരു കല്ലുകൾ പിഴുതെറിയാൻ എ.കെ. ആന്റണി ആഹ്വാനം ചെയ്തു. കായൽ കരയിൽ അതിര് കുറ്റിക്ക് കാവൽ നിന്ന പൊലീസുകാരും, സി.പി.എം അണികളും യൂത്ത് കോൺഗ്രസുകാരെ നേരിട്ടപ്പോൾ കാര്യങ്ങൾ ഭീകരമായ ലാത്തിച്ചാർജിൽ ചെന്നെത്തി.

ഗൗരിയമ്മ അടക്കമുള്ള മന്ത്രിമാർ വെളുത്തുള്ളിയിൽ എത്തുകയും ചന്തിരൂരിൽ മിനി ക്യാബിനറ്റ് കൂടുകയും ചെയ്‌തെങ്കിലും സർക്കാർ തീരുമാനത്തിൽ ഉറച്ചു നിന്നു. വിട്ടുവീഴ്ചക്ക് സർക്കാർ തയാറല്ലായിരുന്നു. തുടർന്ന് സമരം കെ.പി.സി.സി ഏറ്റെടുത്തു കൊണ്ട് പ്രസിഡന്‍റ് ടി.ഒ. ബാവ പ്രഖ്യാപനം നടത്തി.

കായൽ പതിച്ചു നൽകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ കോൺഗ്രസ്‌ നേതാവ് എം. കമലം തീരദേശം വഴിയും കെ.പി.സി.സി സെക്രട്ടറി ഹരിഹരൻ മാസ്റ്റർ മലയോര മേഖല വഴിയും തിരുവനന്തപുരം ലക്ഷ്യമാക്കി ജാഥകൾ തുടങ്ങി. സെക്രട്ടറിയേറ്റിന് മുൻപിൽ ജാഥ എത്തിയപ്പോൾ നടത്തിയ പൊലീസ് ലാത്തിച്ചാർജിൽ നിരവധിപേർ അടികൊണ്ട് വീണു. സർക്കാർ പിടിവാശി തുടർന്നു.

ഭൂമി കിട്ടിയ അനർഹരായ ഭാഗ്യവാന്മാർ കർഷക സംഘമുണ്ടാക്കി. ഗൗരിയമ്മയെ അതിന്റെ പ്രസിഡന്‍റും ആക്കി. കാലം ചെന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിന് അനഭിമതയായി. കർഷക സംഘത്തിൽ നിന്നവരെ പുറത്താക്കി. സമരം പരാജയപ്പെട്ടു. പക്ഷെ വെളുത്തുള്ളി കായൽ സമരത്തിൽ ആലപ്പുഴയുടെ തീരങ്ങളിലെ സി.പി.എം കോട്ടകൾ ഒന്നൊന്നായി തകർന്നു വീഴാൻ തുടങ്ങി.

അടുത്ത തെരഞ്ഞെടുപ്പിൽ, അന്ന് വരെ ചുവപ്പിന്റെ തുരുത്തായ ചേർത്തലയിൽ എ.കെ ആന്റണി എന്ന നേതാവ് കോൺഗ്രസിന്റെ കൊടിയുമായി വള്ളമടുപ്പിച്ചു. ആ തെരഞ്ഞെടുപ്പിൽ നിയമസഭയുടെ മുൻനിരയിലേക്ക് എ.കെ ആന്റണിയോടൊപ്പം ഉമ്മൻ ചാണ്ടി, കൊട്ടറ ഗോപാലകൃഷ്ണൻ, എ.സി ഷൺമുഖദാസ് തുടങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കന്മാരും എത്തി. കേരള നിയമസഭയിലേക്ക് യുവത്വം കടന്നുവന്ന നാളുകളായിരുന്നു അത്‌... സമരങ്ങളുടെയും, സഹനങ്ങളുടെയും ഒരു വിസ്മയ കാലഘട്ടമായിരുന്നു അത്‌...

Tags:    
News Summary - It was AK Antony who started the stone-throwing, during the 1968 'Alappuzha Veluthulli Kayal' agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.