ബി.ജെ.പിക്കെതിരെ നടത്തിയ മാർച്ചിൽ എസ്.എഫ്.ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നത്? ലാത്തിചാർജല്ല, തൂഫാൻ റെയ്ഡാണ് നടത്തേണ്ടിയിരുന്നതെന്നും മന്ത്രി ഒ.ജെ. ജനീഷ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനുനേരെ എസ്.എഫ്.ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന് മന്ത്രി ഒ.ജെ. ജനീഷ്. എസ്.എഫ്.ഐ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നെന്നും മന്ത്രി പ്രതികരിച്ചു.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി നടന്ന സംഘർഷവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കേന്ദ്ര സർക്കാറിനെതിരെയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു. അങ്ങനെ അട്ടിമറിക്കപ്പെട്ട ഒരു സർക്കാറാണ് ഇന്ന് കേന്ദ്രത്തിൽ ഭരിക്കുന്നത്. ആ അട്ടിമറിക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോദിയും അമിത് ഷായും രാജിവെക്കണമെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ് കേരത്തിലും പ്രതിഷേധം നടക്കുന്നത്. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.പിയും താനും തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു. ജാഥ തുടങ്ങിയതിനുപിന്നാലെയാണ് കുപ്പിയേറും കല്ലേറും ഉണ്ടാകുന്നത്. മാർച്ചിന്റെ പിൻനിരയിലേക്കാണ് കല്ലെറിഞ്ഞത്. യൂനിവേഴ്സിറ്റി കോളജിനു മുന്നിൽ വാഹനം എടുക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ വീണ്ടും കല്ലെറിഞ്ഞതായും ജനീഷ് പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നവരുടെ ബൈക്കുകളടക്കം അടിച്ചുതകർത്തു. അവിടെ ബോധപൂർവം സംഘർഷമുണ്ടാക്കിയത് എസ്.എഫ്.ഐയാണ്. ജാഥയും പ്രതിഷേധവും ബി.ജെ.പിക്കെതിരെയാണ്. ജാഥക്കുനേരെ കല്ലേറും കുപ്പിയേറും നടത്തിയത് എസ്.എഫ്.ഐയാണ്. തങ്ങൾക്ക് അതിന്‍റെ ജോലിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ബി.ജെ.പിക്കെതിരെ ഒരു പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ അതിനിടിയിലേക്ക് എന്തിനാണ് എസ്.എഫ്.ഐക്കാർ കല്ലേറും കുപ്പിയേറും നടത്തുന്നത്. എന്ത് പ്രകോപനമാണ് എസ്.എഫ്.ഐക്കും ഡി.വൈ.എഫ്.ഐക്കും അവിടെ ഉണ്ടാകുന്നത്. അവിടെ മുദ്രാവാക്യങ്ങൾ പിണറായി വിജയനെതിരെയല്ല, സി.പി.എമ്മിന് എതിരെയല്ല. അവടി പ്ലെക്കാർഡുകളോ, പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒന്നും തന്നെയോ ഇടതുപക്ഷത്തിനെതിരെയല്ല. കല്ലും കുപ്പിയും എറിയുന്നത് എന്ത് ജനാധിപത്യ സംസ്കാരമാണ്. അവിടെ പൊലീസ് ലാത്തി ചാർജല്ല നടത്തേണ്ടിയിരുന്നത്, തൂഫാൻ റെയ്ഡാണ് നടത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി മാർച്ചിനിടെയുണ്ടായ അപ്രതീക്ഷിത ആക്രമണം മണിക്കൂറുകളോളം തലസ്ഥാന നഗരിയിൽ യൂത്ത്കോൺഗ്രസ് -എസ്.എഫ്.ഐ തെരുവുയുദ്ധത്തിനിടയാക്കിയിരുന്നു. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും മന്ത്രിയുമായ ജനീഷും ഷാഫി പറമ്പിൽ എം.പിയുമാണ് മാർച്ചിന് നേതൃത്വം നൽകിയത്. പാളയത്തെ യൂനിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കയറിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചു. യൂത്ത്കോൺഗ്രസ് പ്രവർത്തകർ യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ സ്ഥാപിച്ച എസ്.എഫ്.ഐയുടെ ബോർഡുകളും കൊടികളും നശിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തുടർന്ന് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് തീപന്തം എറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. സ്ഥലത്ത് വേണ്ടത്ര പൊലീസ് ഇല്ലാതിരുന്നത് സ്ഥിതിഗതികൾ വഷളാക്കി. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
യൂത്ത്കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ ബിയർ കുപ്പികളും കല്ലുകളും എസ്.എഫ്.ഐ പ്രവർത്തകർ എറിയുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. തുടർന്നാണ് പന്തംഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞത്. പ്രകോപനമുണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർഥികൾ ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.