കക്കോടി -ചേളന്നൂർ ഭിന്നശേഷിക്കാരുടെ കേന്ദ്രത്തിൽ കൃത്യമായ ഫയൽ സംവിധാനമില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : കക്കോടി -ചേളന്നൂർ ഭിന്നശേഷിക്കാരുടെ കേന്ദ്രമായ ബി.ആർ.സിയിൽ കൃത്യമായ ഫയൽ സംവിധാനമില്ലെന്ന് റിപ്പോർട്ട്. കറന്റ് ഫയൽ ക്രമനമ്പർ ഇട്ട് കെട്ടി സൂക്ഷി‌ക്കുകയോ നോട്ട് ഫയലുകൾ എഴുതി സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പേപ്പറുകളായി അടുക്കിവെച്ചിരിക്കുക മാത്രമാണ് ചെയ്തത്.

ഒരു വിദ്യാർഥിയുടെ പിതാവിന്റെ പരാതിയന്മേലാണ് പരിശോധന നടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പ് വിവിധ ഏജൻസികൾ, ഓഫീസുകൾ നടത്തിയ പരിശോധനയുടെ മറുപടികൾ സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമല്ല എന്നാണു മറുപടി നൽകിയത്. ഇതിൽനിന്നും കൃത്യമായ ഒരു ഫയലിംഗ് സംവിധാനം ഓഫീസിൽ തുടർന്ന് വരുന്നില്ലെന്ന് വ്യക്തമായി. അതിനാൽ ഓഫീസിൽ കൃത്യമായ ഫയലിംഗ് സംവിധാനം നടപ്പിൽ വരുത്താനുള്ള നിർദ്ദേശം വകുപ്പിന് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ഭിന്നശേഷിക്കാരുടെ ക്ഷേമ താല്പ്‌പര്യങ്ങൾ പരിഗണിച്ച് സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങി വിതരണം ചെയ്യുന്ന ഉപകരണങ്ങൾ അവർക്ക് ഉപയോഗപ്രദമാണെന്ന് ഉറപ്പ് വരുത്തുന്നതിനു ഭരണ വകുപ്പ് കർശന നടപടി സ്വീകരിണമെന്നാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്തു. ചേളന്നൂർ ബി.ആർ.സി യിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റോക്ക്, വിതരണ രജിസ്റ്ററുകളിൽ കൃത്യമായ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടില്ല. അതേസമയം, തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.

വ്യാജരേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിൽ ഈ കാലയളവിലെ ബി.പി.സി ആയിരുന്ന പി.ടി . ഷാജിയുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതരമായ കൃത്യനിർഹണ വീഴ്ചയാണ്. അതിനാൽ ഇത്തരത്തിൽ കൃത്യനിർവഹണ വീഴ്ച വരുത്തിയ ഷാജിക്കെതിരെ ഭരണ വകുപ്പ് കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കുട്ടികൾക്കുള്ള ഉപകരണ വിതരണ രജിസ്റ്ററിലും സ്പീച് തെറാപ്പി രജിസ്റ്ററിലും രക്ഷിതാക്കളുടെ വ്യാജ ഒപ്പുകൾ രേഖപ്പെടുത്തിയെന്ന ആരോപണം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കണം.

നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് യു.പി സ്കൂൾ വിദ്യാർഥിയായ എസ്. എസ്. സൂര്യദേവ് 2017 സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തപ്പോൾ ഡോക്ടർ സി.പി കമ്മോഡ് ചെയർ

നൽകണമെന്ന് ശിപാർശ ചെയ്തിരുന്നു. സമഗ്രശിക്ഷാ കേരള വഴി കമ്മോഡ് ചെയർ ബി.ആർ.സിയിൽ എത്തിയതായി വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ പിതാവ് ശശികുമാർ ബി.ആർ.സിയിൽ എത്തി കമ്മോഡ് ചെയർ കൈപ്പറ്റി.

വീട്ടിൽ ചെന്ന് മകനെ കസേരയിൽ ഇരുത്തി നോക്കിയപ്പോൾ കൂടുതൽ വലിപ്പമുള്ളതാണെന്നും അത് കുട്ടിക്ക് അനുയോജ്യമല്ലെന്നും തിരിച്ചറിഞ്ഞ് കമ്മോഡ് ചെയർ തിരികെ നൽകി. ബി.ആർ.സി കസേര മറ്റൊരു ഭിന്നശേഷിക്കാരനായ ശ്രീരാഗിന് നൽകി എന്നാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയത്. ചെയർ തിരിച്ചെടുത്തശേഷം സൂര്യദേവിന് പകരം കസേര സമയത്ത് നൽകിയിട്ടില്ല.

സൂര്യദേവിന്റെ രക്ഷിതാവിൻറെ ഒപ്പ് വ്യാജമാണെന്ന് പരാതിയിൽ പറയുന്നു. ഇത് കണ്ടെത്തുന്ന പക്ഷം ഉത്തരവാദികളായ, രജിസ്റ്ററിന്റെ സൂക്ഷിപ്പുകാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണെന്നാണ് ശിപാർശ. സ്റ്റോര് പർച്ചേസ് മാമ്പൽ നിഷ്കർഷിക്കുന്ന പ്രകാരമുള്ള സ്റ്റോക്ക് വിതരണ രജിസ്റ്ററുകൾ ഇനം തിരിച്ച് രേഖപ്പെടുത്തുന്നതിനുള്ള നിർദ്ദേശം ബി.പി.സിക്ക് നൽകണം.

അതേസമയം, ശ്രീരാഗിൽ നിന്നും തിരികെ എടുത്ത് ബി.ആർ.സി യുടെ ഓട്ടിസം സെന്ററിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന കമ്മോഡ് ചെയർ നിലവിൽ തുരുമ്പെടുത്ത് ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഒരു ഉപകരണം ഇത്തരത്തിൽ ആർക്കും ഉപകാരപ്പെടാതെ നശിക്കുകയാണ്. അതുവഴി സർക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായി.

ഈ കമ്മോഡ് ചെയറിന്റെ കരാർ കാലാവധി ഒരു വർഷ (2017-18) മായിരുന്നു. അതിനാൽ ഈ സാമ്പത്തിക നഷ്ടം ഈ കാലയളവിൽ ബി.പി.സി ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻറെ ബാധ്യതയായി നിശ്ചയിച്ച് കമ്മോഡ് ചെയറിന്റെ വില ഈ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാശ. 

Tags:    
News Summary - It is reported that there is no proper file system in the Kakodi-Chelannur differently abled center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.