ലോൺ ആപ്പിൽ ഒതുങ്ങുന്നോ നിതിൻരാജിന്റെ മരണം? ജാതിപീഡന പരാതിയിൽ മൗനം പാലിച്ച് പോലീസ്

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജ് ഒന്നാംവർഷ വിദ്യാർഥി തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ.എൽ. നിതിൻരാജിന്റെ മരണത്തിന് ഇടയാക്കിയത് ലോൺആപ്പെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. വായ്പയെടുത്ത പണം തിരിച്ചുപിടിക്കുന്നതിന് ലോൺആപ് സംഘം നടത്തിയ ഭീഷണിയും മാനസിക പീഡനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. നോയ്ഡയിലെത്തി ലോൺആപ് നടത്തിപ്പുകാരെ പിടികൂടിയിട്ടും ആത്മഹത്യപ്രേരണ, പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം വകുപ്പുകൾ ചുമത്തി കേസെടുത്ത രണ്ട് അധ്യാപകരെ കണ്ടെത്താൻ പൊലീസിന് താൽപര്യമില്ലെന്നാണ് പരാതി.

ഏപ്രിൽ 10ന് ഉച്ചക്ക് 1.38 നാണ് കോളജ് കെട്ടിടത്തിന് മുകളിൽനിന്ന് നിതിൻ ചാടി മരിച്ചത്. പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് ഉച്ചക്ക് 1.20നാണ് നിതിൻ പുറത്തിറങ്ങിയത്. ലോൺആപ്പുമായി ബന്ധപ്പെട്ട് കോളജിലെ ഒരധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിനെ പ്രിൻസിപ്പൽ വിളിപ്പിച്ചത്. ഇതിന്റെയെല്ലാം സി.സി.ടി.വി ദൃശ്യവും പുറത്തുവന്നു. ഇതെല്ലാം ചേർത്തുവെച്ചാണ് മരണകാരണത്തിന് ലോൺ ആപ്പെന്ന് പൊലീസ് ഉറപ്പിക്കുന്നത്. മരണത്തിന് കാരണമായത് ജാതിപീഡനമല്ലെന്നും ലോൺ ആപ്പാണെന്നുമാണ് കോളജ് മാനേജ്മെന്റിന്റെയും നിലപാട്.

അന്വേഷണം അട്ടിമറിക്കുകയാണെന്നും പൊലീസിൽ വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടി നിതിന്റെ കുടുംബവും വിവിധ ദലിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നിതിൻരാജ് ജാതി പീഡനത്തിന് ഇരയായെന്നും ഇക്കാര്യം മറച്ചുവെച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നും നിതിന്റെ അമ്മാവൻ വിശ്വംഭരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ജാതി പീഡനം നടന്നുവെന്ന് സഹപാഠികളോട് പങ്കുവെക്കുന്ന ശബ്ദരേഖ പുറത്തുവന്നതാണ്. എന്നിട്ടും ആ നിലക്കല്ല അന്വേഷണം നടക്കുന്നത്. ലോൺ ആപ്പുകാർക്ക് റഫറൻസായി കോളജ് അധ്യാപികയുടെ നമ്പർ നിതിൻ നൽകിയിട്ടില്ല. ലോൺ അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ ഫോണിലുള്ള എല്ലാ നമ്പറുകളും റഫറൻസായി പോകുന്ന രീതിയാണ് ആപ്പിലേത്. അക്കാര്യം അധ്യാപികയുടെ പരാതി അന്വേഷിക്കാൻ വിളിപ്പിച്ച പ്രിൻസിപ്പലിനോടും നിതിൻ പറഞ്ഞതാണെന്നും വിശ്വംഭരൻ വ്യക്തമാക്കി.പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും കഴിഞ്ഞദിവസം കോളജിലെത്തിയ കെ.കെ. രമയും ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Is Nitinraj's death limited to a loan app? Police remain silent on caste harassment complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.