റെയ്ഡ് ഭരണകൂട ഭീകരത; അന്വേഷണ ഏജൻസികൾ വേട്ടയാടുന്നുവെന്നും പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: സംഘ്പരിവാറിനെതിരെ സംസാരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍. അതിന്റെ ഭാഗമായാണ് പുലര്‍ച്ചെ മുതല്‍ പോപുലര്‍ ഫ്രണ്ട് ദേശീയ-സംസ്ഥാന-ജില്ല നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തുന്നത്.

അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം വേട്ടക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. അത് തുടരുക തന്നെ ചെയ്യും. നേതാക്കളെ വിട്ടുകിട്ടിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കും.

ഈ വേട്ട പോപുലര്‍ ഫ്രണ്ടോടു കൂടി അവസാനിക്കുന്നതല്ല. പോപുലര്‍ ഫ്രണ്ടിനു ശേഷം മറ്റ് ഓരോ വിഭാഗത്തിനു നേരെയും അടിച്ചമര്‍ത്താനുള്ള നടപടികളുമായി, എതിര്‍ശബ്ദങ്ങളെ മുഴുവന്‍ ഇല്ലാതാക്കാനുള്ള നടപടികളുമായി ആർ.എസ്.എസും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാറും മുന്നോട്ടുപോവും. അതിനാല്‍ ജനാധിപത്യ-മതേതര പൊതു സമൂഹം ഭരണകൂട ഭീകരതക്കെതിരെ ശക്തമായി പ്രതിഷേധിക്കണം.

സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍നിന്ന് പ്രഫ. പി. കോയയേയും കസ്റ്റഡിയിലെടുത്തു. റെയ്ഡ് സംബന്ധിച്ച് ഒരു വിശദാംശവും നല്‍കിയില്ല.

റെയ്ഡിന് ഞങ്ങള്‍ എതിരല്ല. പൊലീസോ, അന്വേഷണ ഏജന്‍സികളോ തങ്ങളെ സമീപിച്ചാല്‍ അതിനോട് സഹകരിക്കാറുണ്ട്. എന്നാല്‍ ഇത് പുലര്‍ച്ചെ മൂന്നിന് വീട്ടില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വയോധികരെയും സ്ത്രീകളെയും പരിഗണിക്കാതെയാണ് അകത്തേക്ക് കയറി റെയ്ഡ് നടത്തിയത്. എന്തിനാണെന്ന് ചോദിച്ചിട്ട് അവര്‍ പറയുന്നില്ല. ആര്‍.എസ്.എസ് ഉദ്ദേശിക്കുന്ന അജണ്ടക്കും മുസ്‌ലിം വംശഹത്യ നടപ്പാക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന ഒരു സംഘടനയെന്ന നിലക്ക് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടി ഇല്ലാതാക്കുക എന്നത് അവരുടെ ലക്ഷ്യമാണ്. ആ ലക്ഷ്യം നടപ്പാക്കുന്ന പണിയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്.

ഒരു കുറ്റകൃത്യത്തിലും ഏര്‍പ്പെടുത്താത്ത ആളുകളെ പോലും കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുക്കുകയും വിവിധ വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സത്താർ പറഞ്ഞു.

Tags:    
News Summary - investigative agencies are working for the government -Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.