തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ട, ലഹരി മാഫിയ ബന്ധങ്ങളും അന്വേഷണത്തിലേക്ക്. അതിനൊപ്പം പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണിയും ഉടൻ വരും. ഉന്നതതലം മുതൽ താഴേത്തട്ടിൽ വരെ സമഗ്ര അഴിച്ചുപണിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. കളങ്കിതരായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിന്ന് പരമാവധി മാറ്റിനിർത്താനാണ് ഉദ്ദേശിക്കുന്നത്. അതിന്‍റെ ഭാഗമായി വിജിലൻസ് ക്ലിയറൻസ് ഉൾപ്പെടെ ലഭിക്കുന്ന ഉദ്യോഗസ്ഥരെയാകും സുപ്രധാന തസ്തികകളിൽ നിയമിക്കുക. വനിത ഉദ്യോഗസ്ഥർ പ്രധാന തസ്തികകളിലേക്ക് വരുമെന്നും സൂചനയുണ്ട്.
മുൻ സർക്കാറിന്‍റെ കാലത്ത് പൊലീസിലെ ഗുണ്ട-മാഫിയ ബന്ധം അന്വേഷിച്ച് കുറച്ചുപേർക്കെതിരെ നടപടിയെടുത്തെങ്കിലും ഭൂരിഭാഗവും നിയമനടപടി അടക്കം മാർഗങ്ങളിലൂടെ വീണ്ടും സർവിസിൽ മടങ്ങിയെത്തിയിരുന്നു. ഇത്തരത്തിൽ മോശം ഭൂതകാലമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഉൾപ്പെടെ ആഭ്യന്തരവകുപ്പ് ശേഖരിക്കുന്നുണ്ട്. അവരെ പ്രധാന തസ്തികകളിൽ നിയോഗിക്കില്ല.
മയക്കുമരുന്നിനെതിരെ ‘ഓപറേഷൻ തൂഫാൻ’ എന്ന ബൃഹത് പദ്ധതിയുമായി കേരള പൊലീസ് മുന്നോട്ട് പോകുകയാണ്. അതിനിടയിലാണ് ലഹരി സംഘങ്ങളുമായി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ ബന്ധമുണ്ടെന്ന ആക്ഷേപം ഉയരുന്നത്. ആ സാഹചര്യത്തിലാണ് ഗുണ്ട, ലഹരി മാഫിയ ബന്ധമുള്ള ഉദ്യോഗസ്ഥരെ പ്രത്യേകമായി നിരീക്ഷിച്ച് നടപടിയിലേക്ക് കടക്കാനുള്ള നീക്കം. മുമ്പ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ‘ഓപറേഷൻ കുബേര’ നടപ്പാക്കിയിരുന്നു.
അതിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പല സർക്കാർ ജീവനക്കാരും കുടുങ്ങുന്ന സാഹചര്യവുമുണ്ടായി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസ് തലപ്പത്ത് കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇടത് അനുകൂല സംഘടനകളിലെ ചിലരെ മാത്രമാണ് മാറ്റിയത്. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിലുൾപ്പെടെ കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് നിയോഗിച്ച ഉദ്യോഗസ്ഥരാണ് കൂടുതലും. അതിന് പുറമെ പൊലീസിന്‍റെ തലപ്പത്ത് ഇരിക്കുന്നവരും കഴിഞ്ഞ സർക്കാർ നിയമിച്ചതാണ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മുതൽ ജില്ലാ എസ്.പിമാർവരെ മാറും. സിറ്റി പൊലീസ് കമീഷണർ തസ്തികകളിൽ ഡി.ഐ.ജി റാങ്കിലുള്ളവർ തുടരും.
ചില റെയ്ഞ്ചുകളിൽ ഡി.ഐ.ജിമാർക്ക് അധികചുമതലയുണ്ടാകും. വനിത ഐ.പി.എസ് ഉദ്യോഗസ്ഥർ സുപ്രധാന തസ്തികളിലെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിയാലോചിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സർക്കാർ അധികാരത്തിലേറിയിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ. കാത്തിരുന്ന് കാണൂയെന്നാണ് അഴിച്ചുപണി സംബന്ധിച്ച് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പൊലീസിന്‍റെ പ്രവർത്തനം സുതാര്യമാക്കുന്നതിനൊപ്പം കസ്റ്റഡി മർദനം ഉൾപ്പെടെ സേനക്ക് കളങ്കമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നുമുള്ള കർശന നിർദേശമാണ് നൽകിയിട്ടുള്ളതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.