? പ്രതീക്ഷിച്ചിരുന്നോ ഈ പദവി
-ചെറിയ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, ഒരുറപ്പുമുണ്ടായിരുന്നില്ല. സംസ്ഥാനത്തെ കോൺഗ്രസിനെ നയിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് ഈ പദവി. അതുതന്നെയാണ് ഉറപ്പുകുറവിനു കാരണം. നല്ലൊരു ടീമാണ് തനിക്കൊപ്പമുള്ളത്. അത് പ്രതീക്ഷ തരുന്നതാണ്. യുവാക്കളും പരിചയസമ്പന്നരുമായ വലിയൊരു നിരയാണത്. ഉളിക്കൽ എന്ന ചെറിയ ഗ്രാമത്തിൽനിന്നാണ് ഞാൻ വരുന്നത്. ഇക്കാര്യമാണ് എ.കെ. ആന്റണി ഇപ്പോൾ എന്നെ വിളിച്ച് പറഞ്ഞത്.
? എന്താണ് വെല്ലുവിളിയായി തോന്നുന്നത്
-കേരളത്തിലും കേന്ദ്രത്തിലും വലിയ വെല്ലുവിളി നേരിടുന്ന സമയമാണ്. രണ്ടിടത്തും ഭരണമില്ല. സംസ്ഥാനത്ത് യു.ഡി.എഫിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉടൻ നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെയുള്ള നിയമസഭ തെരഞ്ഞെടുപ്പുമാണ് മുന്നിലുള്ളത്. യു.ഡി.എഫ് വിജയം ഉറപ്പാക്കുകയെന്ന വലിയ ദൗത്യമാണ് ഏറ്റവും വലിയ വെല്ലുവിളി.
? നിലമ്പൂർ ഉപതെരഞ്ഞെടുപ്പാണ് ഉടൻ വരാനുള്ളത്, അൻവർ പാർട്ടിയിലുണ്ടാകുമോ
-അതെ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാവും. യു.ഡി.എഫിന് ഈസിവാക്കോവർ ആണ് അവിടെ. അതിന് പാർട്ടിയെയും മുന്നണിയെയും സജ്ജമാക്കണം. അതാണ് ആദ്യ ദൗത്യം. പി.വി. അൻവർ സുഹൃത്താണ്. അദ്ദേഹം പാർട്ടിയിലെത്തുമെന്നാണ് കരുതുന്നത്. അതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
? സഭയുടെ നോമിനിയാണോ താങ്കൾ
-ഒരിക്കലുമല്ല. ക്രിസ്ത്യൻ സഭക്ക് അങ്ങനെ ഒരു നോമിനി ഒരു പാർട്ടിയിലുമില്ല. കത്തോലിക്ക സഭക്ക് അത്തരമൊരു താൽപര്യമില്ലെന്ന് ദീപിക മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കിയതാണ്. എന്തിനാണ് സഭയുടെ നോമിനിയെന്ന് പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഞാൻ തികഞ്ഞ വിശ്വാസിയാണ്. എല്ലാ മതസമുദായങ്ങളെയും ആദരിക്കുന്ന ഒരാൾ. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരുടെയും പിന്തുണയാണ് ആഗ്രഹിക്കുന്നതും.
? കെ. സുധാകരന്റെ സ്വന്തം എന്നാണ് താങ്കൾ അറിയപ്പെടുന്നത്. അദ്ദേഹം ഒഴിഞ്ഞ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തും ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് പദവിയിലും പകരക്കാരൻ ആയത് എങ്ങനെ
-സുധാകരൻ തന്നെയാണ് എന്റെ ലീഡർ. അതിൽ ഒരു സംശയവുമില്ല. സഹോദരനെ പോലെയാണ് അദ്ദേഹത്തെ കാണുന്നത്. എന്നും ഞാൻ അദ്ദേഹത്തിന്റെ സ്വന്തമെന്ന് പറയുന്നതിൽ മടിയൊന്നുമില്ല. 2001ൽ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധാകരൻ മാറിയപ്പോൾ ഞാനെത്തിയതും ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റായതും യാദൃച്ഛികമാണ്. പിന്നെ ഒരു കാര്യം പറയാനുള്ളത്, ഞാൻ ഒരിക്കലും സുധാകരന് പകരക്കാരനാവില്ല.
? താങ്കൾ. കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഒന്നിലും സംസ്ഥാന നേതാവുപോലുമായിരുന്നില്ല. കെ.പി.സി.സിയിലും സെക്രട്ടറിയോ ജന. സെക്രട്ടറിയോ ആയിട്ടില്ല.
- സ്ഥാനമാനങ്ങൾ അല്ല ഒരാളെ അംഗീകരിക്കാനുള്ള മാനദണ്ഡം. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ ഞാൻ വിദ്യാർഥി പ്രതിനിധി ആയിട്ടുണ്ട്. കോഴിക്കോട് ഗവ. ലോ കോളജിൽ പഠിക്കുമ്പോൾ യൂനിറ്റ് ഭാരവാഹിയായിട്ടുണ്ട്. ഞാൻ ജനിച്ചുവളർന്ന മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹിയായിട്ടുണ്ട്. ആന്റണി കോൺഗ്രസിനെ നയിക്കുമ്പോൾ മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം ഞാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.