കോഴിക്കോട്: ബുധനാഴ്ച നടപ്പാക്കേണ്ടിയിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസമാണെന്ന് ഇതിനായി ഇടപെട്ട കാന്തപുരം അബൂബക്കർ മുസ്ലിയാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യമൻ പബ്ലിക് പ്രോസിക്യൂഷൻ പ്രത്യേക ക്രിമിനൽ കോടതി ജഡ്ജി റിസ്വാൻ അഹമ്മദ് അൽ-വജ്റ, സ്വാരിമുദ്ദീൻ മുഫദ്ദൽ എന്നിവർ ഒപ്പിട്ട വിധിപ്പകർപ്പിലാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിയതായി വ്യക്തമാക്കിയത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള ചർച്ചയും വധശിക്ഷയിൽ നിന്ന് ഒഴിവാകാനുള്ള നീക്കവും ഇനിയും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചത്. ഒരു ഇന്ത്യൻ പൗരൻ വിദേശ രാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോൾ അതിൽ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുകയെന്നത് ദേശീയ താൽപര്യമാണെന്ന ബോധ്യത്തിൽനിന്നാണ് താൻ ഇടപെടലിന് മുതിർന്നത്. യമനിലെ തരീമിലുള്ള ആത്മസുഹൃത്തും സൂഫി പണ്ഡിതനും യമനീ മുസ്ലിംകൾക്കിടയിൽ വലിയ സ്വാധീനവുമുള്ള ഹബീബ് ഉമർ ബിൻ ഹഫീളുമായി വിഷയം ചർച്ച ചെയ്തു.
ഹബീബ് ഉമറിന്റെ ഓഫിസ് നോർത്ത് യമൻ ഭരണകൂടവുമായും, ഇരയുടെ കുടുംബവുമായും ബന്ധപ്പെടുകയും അനുനയ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മശ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, സനയിലെ ജിനായത്ത് കോടതി സുപ്രീം ജഡ്ജി, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവർ പങ്കെടുത്ത യോഗം നടന്നത്.
കുടുംബവുമായി ചർച്ചചെയ്ത് നിലപാട് വ്യക്തമാക്കാമെന്നാണ് തലാലിന്റെ ബന്ധുക്കൾ യോഗത്തിൽ അറിയിച്ചത്. ശിക്ഷാ നടപടികൾ നീട്ടിവെക്കാനുള്ള ധാരണ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാക്കിയതിനെ തുടർന്നാണ് ശിക്ഷ നീട്ടിവെച്ചുള്ള വിധി പുറത്തുവന്നതെന്നും കാന്തപുരം പറഞ്ഞു. ചർച്ചയുടെ പുരോഗതി പ്രധാനമന്ത്രിയുടെ ഓഫിസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അഭ്യർഥനയെ തുടർന്ന് യമനിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ ഇടപെടലിലാണ് മതപണ്ഡിതരും ജഡ്ജിമാരും അടക്കമുള്ളവർ ഇന്നലെയും ഇന്നും നടത്തിയ കൂടിയാലോചനക്ക് ശേഷം ഇന്ന് നടത്താനിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്. ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീൾ വഴിയുള്ള ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്.
ശൈഖ് ഹബീബ് ഉമറിന്റെ നിർദേശത്തെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാനിക്കുകയാണ് ചെയ്തത്. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയത്. ശൈഖ് ഹബീബ് ഉമറിന് വേണ്ടി അനുയായി ഹബീബ് മഷ്റൂഖാണ് ചർച്ചയിൽ പങ്കെടുത്തത്. തുടർ ചർച്ചയിൽ ദിയാധനം സ്വീകരിക്കുന്നത് അടക്കമുള്ള കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണക്ക് ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. 2023ൽ വധശിക്ഷ റദ്ദാക്കാനുള്ള അന്തിമ അപേക്ഷ തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി അനുമതി നൽകുകയും ചെയ്തു.
നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗം തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പ് അപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനില്‍ പോയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പ്രേമകുമാരി യമനിൽ കഴിയുകയാണ്. തലാലിന്റെ കുടുംബവുമായും ഗോത്രത്തലവന്മാരുമായും മുമ്പ് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.