പൊതുമേഖല കമ്പനികള്‍ തുക കുത്തനെ കൂട്ടി; പശുക്കളുടെ ഇന്‍ഷുറന്‍സ് പ്രതിസന്ധിയില്‍

കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കത്തിലേ തിരിച്ചടി. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉയര്‍ന്ന പ്രീമിയം തുക ആവശ്യപ്പെടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍തലത്തില്‍ നിരവധി ചര്‍ച്ച നടത്തിയിട്ടും വിട്ടുവീഴ്ചക്ക് ഇവര്‍ തയാറായിട്ടില്ല. ഇതോടെ പുതുവര്‍ഷതുടക്കത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി അനിശ്ചിതത്വത്തിലായി.

സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം 40,000 പശുക്കളെ  ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാനായിരുന്നു തീരുമാനം. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു നീക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വിഹിതവും  ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. പ്രീമിയം തുകയുടെ 25 ശതമാനം മാത്രം ക്ഷീരകര്‍ഷകന്‍ നല്‍കിയാല്‍ മതിയാകും. 50 ശതമാനം സംസ്ഥാന സര്‍ക്കാറും 25 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വഹിക്കും.

കമ്പനികള്‍ 100 രൂപക്ക് 3.1 പൈസയാണ് പ്രീമിയമായി ആവശ്യപ്പെടുന്നത്. എന്നാല്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ക്ഷീരവികസന വകുപ്പും ക്ഷീരസഹ. സംഘങ്ങളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പോളിസുകള്‍ക്ക് ഇതേ കമ്പനികള്‍ 1.7 പൈസ മാത്രമാണ് പ്രീമിയം ഈടാക്കുന്നത്. സംസ്ഥാന വ്യാപകമായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമ്പോള്‍ ഇതിലും കുറഞ്ഞ തുകയേ ചെലവിടേണ്ടി വരൂ എന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്‍െറ കണക്കുകൂട്ടല്‍. എല്ലാ കമ്പനികളും സംഘടിതമായി ഇതേതുകയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഇതു വലിയതുകയാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുകയും പലതവണ ചര്‍ച്ച നടത്തുകയും ചെയ്തെങ്കിലും കമ്പനികള്‍ കടുംപിടിത്തം തുടരുകയാണ്.

തുക കുറച്ചാല്‍ നഷ്ടമാകുമെന്നാണ് കമ്പനികള്‍ വാദിക്കുന്നത്. നിലവില്‍ നടക്കുന്ന പോളിസികളുടെ സാമ്പത്തികരേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കമ്പനികള്‍ തയാറാകുന്നില്ളെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. പ്രീമിയം തുക ഉയര്‍ന്നാല്‍ ക്ഷീരകര്‍ഷകര്‍ക്ക് താങ്ങാനാകില്ല. സര്‍ക്കാറിനും അത് കൂടുതല്‍ ബാധ്യത വരുത്തിവെക്കും.

പൊതുകമ്പനികള്‍ വിട്ടുവീഴ്ചക്ക് തയാറായില്ളെങ്കില്‍ മറ്റു വഴികള്‍ തേടുമെന്നും സ്വകാര്യ കമ്പനികളുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു സംരംഭം. അതിന്‍െറ പ്രശ്നങ്ങളുണ്ട്. എന്തുവന്നാലും ഈ സാമ്പത്തിക വര്‍ഷം 40,000 പശുക്കളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കൊണ്ടുവരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ താറാവുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കായി മൃഗസംരക്ഷണവകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ കമ്പനികള്‍ കൂട്ടമായി വിട്ടുനിന്നിരുന്നു. പക്ഷിപ്പനി മൂലം വന്‍നഷ്ടം ഉണ്ടാകുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതിനെക്കുറിച്ച് വിശദീകരിച്ചത്. ഇപ്പോള്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്.

 

Tags:    
News Summary - insurance of cattles are in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.