കണ്ണൂർ: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കെ, മന്ത്രി ഇ.പി. ജയരാജെൻറ ഭാര്യ കെ.പി. ഇന്ദിര ലോക്കർ വിവാദത്തിൽ. കോവിഡ് ബാധിച്ച് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രിയും ഭാര്യയും. കോവിഡ് പരിശോധനക്ക് സ്രവം നൽകിയതിനുശേഷം ഫലം വരുന്നതിനുമുമ്പ് ക്വാറൻറീൻ ലംഘിച്ച് മന്ത്രിഭാര്യ കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്നാണ് ആക്ഷേപം.
മന്ത്രിയുടെ മകന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരിക്കെ, ക്വാറൻറീൻ ലംഘിച്ച് മന്ത്രിയുടെ ഭാര്യ തിരക്കിട്ട് ബാങ്കിലെത്തി ലോക്കർ തുറന്നതാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്. ക്വാറൻറീൻ ലംഘിച്ചില്ലെന്നും പേരമക്കളുടെ ആഭരണമെടുക്കാനാണ് ലോക്കർ തുറന്നതെന്നുമാണ് മന്ത്രി ഭാര്യയുടെ വിശദീകരണം. അന്വേഷണം ഭയന്ന് ലോക്കറിൽ നിന്ന് എന്തൊക്കെയോ മാറ്റിയതാണെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തുണ്ട്. മട്ടന്നൂരിലെ മന്ത്രിയുടെ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.
സ്വപ്ന സുരേഷും മന്ത്രിയുടെ മകൻ ജെയ്സണും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്വപ്ന സുരേഷ് ഉൾപ്പെട്ട ലൈഫ് പദ്ധതി ഇടപാടിൽ മറിഞ്ഞ കോഴപ്പണത്തിെൻറ വിഹിതം മന്ത്രി ഇ.പി. ജയരാജെൻറ മകൻ ജയ്സണും ലഭിച്ചുവെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനും മന്ത്രി കെ.ടി. ജലീലിനും പിന്നാലെ മന്ത്രി ഇ.പി. ജയരാജനുനേരെയും ആരോപണം നീളുന്നത് സി.പി.എമ്മിനെ കൂടുതൽ കുഴക്കുകയാണ്.
'ക്വാറൻറീൻ ലംഘിച്ചിട്ടില്ല; പോയത് ആഭരണമെടുക്കാൻ'
കണ്ണൂർ: ക്വാറൻറീൻ ലംഘിച്ചിട്ടില്ലെന്നും ബാങ്കിൽ പോയ ദിവസം ക്വാറൻറീനിൽ ആയിരുന്നില്ലെന്നും മന്ത്രി ഇ.പി. ജയരാജെൻറ ഭാര്യ കെ.പി. ഇന്ദിര. മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്ചെയ്ത വിഡിയോവിലാണ് മന്ത്രി ഭാര്യയുടെ പ്രതികരണം.
വ്യാഴാഴ്ച ബാങ്കിൽ പോയിരുന്നു. രണ്ടു പേരക്കുട്ടികളുടെ പിറന്നാളാണ് 25നും 27നും. അവർക്ക് കൊടുക്കാൻ ആഭരണമെടുക്കാനാണ് താൻ ബാങ്കിൽ പോയത്. ആഭരണമെടുത്ത് പത്തുമിനിറ്റിനുള്ളിൽ ബാങ്കിൽ നിന്ന് ഇറങ്ങുകയും ചെയ്തുവെന്ന് ഇന്ദിര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.