446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

തൃശൂർ: പൊലിസ് ഉള്‍പ്പെടെ യൂനിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ ആര്‍ക്കും പിന്നിലല്ലെന്നും ഏത് ചുമതലയും നിര്‍വഹിക്കാന്‍ അവര്‍ പ്രാപ്തരാണെന്നുമുള്ള സന്ദേശമാണ് വനിതാ പോലിസ് ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡ് സമൂഹത്തിന് നല്‍കുന്നത്. ഉയര്‍ന്ന പ്രഫഷനല്‍ ബിരുദമുള്ളവരും റാങ്ക് ജേതാക്കളും ഉള്‍പ്പെടുന്നതാണ് പുതിയ വനിതാ ബറ്റാലിയന്‍. ഇത് പൊലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ഉറ്റസഹായിയായി എത്തുന്ന സേനയായി പൊലിസ് മാറിക്കഴിഞ്ഞു. ഇതിനപവാദമായി കാണുന്ന ഒറ്റപ്പെട്ട വ്യക്തികളെയോ സംഭവങ്ങളെയോ മാതൃകയാക്കാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. സ്വജനപക്ഷപാതമോ അഴിമതിയോ ഇല്ലാതെ സര്‍വീസിലുടനീളം സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേരള പോലീസ് അക്കാദമിയില്‍ ഒന്‍പത് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ 446 സേനാംഗങ്ങളാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. പരേഡ് കമാന്റര്‍ പി.ജെ ദിവ്യയുടെ നേതൃത്വത്തില്‍ 16 പ്ലട്ടൂണുകളിലായി അണിനിരന്ന നാലു കമ്പനികള്‍ സത്യപ്രതിജ്ഞ ചെയ്ത് കേരള പൊലീസിന്റെ ഭാഗമായി.

തിരുവനന്തപുരം- 109, കൊല്ലം- 75, പത്തനംതിട്ട- 7, കോട്ടയം- 13, ഇടുക്കി- 10, ആലപ്പുഴ- 30, എറണാകുളം- 21, തൃശൂര്‍- 22, കണ്ണൂര്‍- 33, പാലക്കാട്- 49, മലപ്പുറം- 21, കോഴിക്കോട്- 41, കാസര്‍ഗോഡ്- 5, വയനാട്- 10 എന്നിങ്ങനെ വിവിധ ജില്ലയില്‍ നിന്നുള്ളവരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.

Tags:    
News Summary - Increase the representation of women in forces says Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.