രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബി​.​​ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി

പാലക്കാട്: പാലക്കാട് വടക്കുന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി കോൺ​ഗ്രസ്. ബി.ജെ.പി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തിയെന്നും നിയമാനുസൃത പ്രചരണ അവകാശം നിഷേധിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇന്നലെ രാത്രി ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി അംഗം സിന്ധു രാജനാണ് ഒന്നാം പ്രതി. സിന്ധു രാജൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. സിന്ധു രാജനൊപ്പം മകള്‍ സ്‌നേഹ, സിന്ധുവിന്റെ സഹോദരന്‍ വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച വൈകീട്ട് വടക്കന്തറ മനക്കല്‍തൊടി ഭാഗത്ത് വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് സംഭവം.

സ്ഥാനാർഥിയെയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായി പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. മനക്കല്‍തൊടിയിലുള്ള വീടുകളില്‍ വോട്ട് ചോദിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സ്ഥാനാർഥി പ്രചാരണം നടത്താൻ പാടില്ലെന്ന് പറയുന്നവർ ജനാധ്യപത്യത്തിൽ വിശ്വസിക്കാത്തവരാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രിയും ​പ്രതികരിച്ചു. കേരളത്തിലെ ജനാധിപത്യ ബോധത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ബി.ജെ.പി മറ്റു പലയിടത്തും നടപ്പാക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ശൈലിയുടെ ഒരു 'സാമ്പിൾ' മാത്രമാണ് പാലക്കാട് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനാർഥിക്ക് വോട്ട് ചോദിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ബി.ജെ.പിയുടെ നിലപാട് രാഷ്ട്രീയ അസഹിഷ്ണുതയുടെ അടയാളമാണ്. പിഷാരടിയെ ശാരീരികമായി ആക്രമിക്കാനും ശ്രമമുണ്ടായെന്നും ഇതിനെ സി.പി.എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Incident of stopping Ramesh Pisharody; Complaint filed against BJP with Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.