കൊച്ചി: മധ്യവയസ്കയെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായ അസം സ്വദേശി ഫിർദൗസ് അലിയുമായി (32) കടവന്ത്ര പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതി പീഡനം നടത്തിയ പൊന്നുരുന്നി റെയിൽവേ ട്രാക്കിനടുത്തുള്ള പ്രദേശങ്ങളിലായിരുന്നു തെളിവെടുപ്പ്. ഇയാൾ സഞ്ചരിച്ച പുല്ലേപ്പടി റെയിൽവേ പാളം മുതലുള്ള ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തി.
കൃത്യം നടത്തിയ രീതി പ്രതി ഉദ്യോഗസ്ഥർക്ക് വിശദീകരിച്ച് കൊടുത്തു. രാവിലെ 11ഓടെ ആരംഭിച്ച തെളിവെടുപ്പ് ഒന്നരമണിക്കൂറോളം നീണ്ടു. പ്രതിയിൽനിന്ന് മധ്യവയസ്കക്ക് ക്രൂര പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ മറ്റൊരാളെ കാത്തുനിൽക്കുമ്പോഴാണ് അയാളുടെ പരിചയക്കാരനെന്ന നാട്യത്തിൽ മധ്യവയസ്കയെ സമീപിച്ചത്.
തുടർന്ന് ഓട്ടോയിൽ കൊണ്ടുപോയി റെയിൽവേ ട്രാക്കിന് സമീപത്തെ കാട്ടിൽവെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രി 8.30ഓടെ സമീപ വാസികളായ രണ്ട് യുവാക്കളാണ് പൊന്തക്കാട്ടിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ടത്. ഇവർ നോക്കിയപ്പോഴാണ് രക്തത്തിൽകുളിച്ച നിലയിൽ മധ്യവയസ്കയെ കണ്ടത്. വിവരം യുവാക്കൾ സമീപത്തെ വീടുകളിൽ അറിയിച്ചു.
സ്ത്രീകളെത്തി വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം വ്യക്തമായത്. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മധ്യവയസ്ക അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ ഞായറാഴ്ച വൈകീട്ട് മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. വിശദ അന്വേഷണത്തിന് വീണ്ടും കസ്റ്റഡി ആവശ്യപ്പെടുമെന്ന് കടവന്ത്ര എസ്.എച്ച്.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.