ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലിയിലുണ്ടായിരുന്ന ഏഴ് ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഉപരോധിച്ച സംഭവത്തിൽ കേസെടുത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 12 കേസുകളാണെടുത്തത്.
മൊതബാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴും കലിചകിലെ അഞ്ചും കേസുകളാണ് എൻ.ഐ.എ ഏറ്റെടുത്തത്. അന്വേഷണ സംഘങ്ങൾ മാൾഡയിലേക്ക് തിരിച്ചിട്ടുണ്ട്. എസ്.ഐ.ആറിൽനിന്ന് കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടവരാണ് ഉദ്യോഗസ്ഥരെ ഉപരോധിച്ചത്.
വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 60 ലക്ഷത്തിലധികം പരാതികൾ കൈകാര്യം ചെയ്യുന്നതിനായി പശ്ചിമ ബംഗാൾ, ഒഡിഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള 700ഓളം ജുഡീഷ്യൽ ഓഫിസർമാരെയാണ് സംസ്ഥാനത്ത് എസ്.ഐ.ആർ പ്രക്രിയക്കായി വിന്യസിച്ചത്.
ഉപരോധ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി, ബ്യൂറോക്രസിയുടെ വിശ്വാസ്യത കുറഞ്ഞെന്നും സെക്രട്ടേറിയറ്റിലും സർക്കാർ ഓഫിസുകളിലും രാഷ്ട്രീയം കുത്തിവെക്കുകയും ചെയ്യുന്നുവെന്ന് നിരീക്ഷിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം ഉപയോഗിക്കുകയായിരുന്നു.
ഒമ്പത് മണിക്കൂറിലധികം ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജനക്കൂട്ടം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണം പിടിക്കാൻ ബി.ജെ.പി 90 ലക്ഷം പേരെ വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്തതായി മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ആരോപിച്ചു. നോർത്ത് 24 പർഗാനാസിലെ മിനാഖാനിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ ബി.ജെ.പി സംസ്ഥാനത്തെ 90 ലക്ഷം വോട്ടർമാരെ പുറത്താക്കിയിരിക്കുകയാണ്. എന്നാൽ, ഉറപ്പായും ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി ഭാഷ സംസാരിക്കുന്നവരെ നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് പീഡിപ്പിക്കുകയും അതിനെ വിദേശ ഭാഷയെന്ന് അധിക്ഷേപിക്കുകയുമാണെന്നും മമത ആരോപിച്ചു.
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിൽ വൻതോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടതിൽ രോഷം അറിയിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തെഴുതി.
ഭരണഘടനാപരമായ വോട്ടവകാശം എന്തു വിലകൊടുത്തും കമീഷൻ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കത്തിൽ അഭ്യർഥിച്ചു. ബംഗാളിൽ ആകെ വോട്ടർമാരുടെ 12 ശതമാനം വരുന്ന 90 ലക്ഷത്തിലേറെ പേരാണ് ഒഴിവാക്കപ്പെട്ടത്. സംശയമുള്ളവരുടെ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടവർക്ക് പരാതി നിവാരണത്തിന് വാഗ്ദാനം ചെയ്തിരുന്ന അവസരം ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിചിത്രമായ പ്രക്രിയയിലൂടെ ജനങ്ങൾക്ക് സാമ്പത്തിക നഷ്ടവും മാനസിക പ്രയാസവും നേരിട്ടു. ചിലർക്ക് മരണംപോലും സംഭവിച്ചു.
മുസ്ലിംകളെയും സ്ത്രീകളെയും പിന്നാക്ക വിഭാഗങ്ങളെയുമാണ് പ്രതികൂലമായി ബാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഭരണഘടനയുടെ 326ാം വകുപ്പ് ഉറപ്പുനൽകുന്ന വോട്ടവകാശമാണ് നിഷേധിക്കപ്പെടുന്നതെന്ന് ഓർമിപ്പിച്ച അദ്ദേഹം, ഭരണഘടനാപരമായ അവകാശം കമീഷൻ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.