കാസർകോട്: ഏഴ് കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോർന്നതായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ പള്ളിക്കര പള്ളിപ്പുഴ സ്വദേശി ഇംദാദിനെതിരെയുള്ള ആൾമാറാട്ടക്കേസിനെതിരെ പരാതിക്കാർ. ജനറൽ ആശുപത്രിയിൽനിന്നും രോഗമുക്തരായ ഏഴുപേരും, തങ്ങളുടെ അനുമതിയോടെയാണ് ഇംദാദ് പരാതി നൽകിയതെന്ന് വെളിപ്പെടുത്തി രംഗത്തുവന്നു. കോവിഡ് ബാധിക്കാത്തയാൾ ആൾമാറാട്ടം നടത്തി കോവിഡ് രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ പ്രചാരണം നടത്തുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കി കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നതാണ് ഇംദാദിനെതിരായ കേസ്. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന, സംഭവവുമായി ഒരുതരത്തിലും ബന്ധപ്പെടുത്താനാവാത്ത വകുപ്പ് ഇംദാദിെൻറ പേരിൽ കെട്ടിയിറക്കുകയായിരുന്നുവെന്നാണ് സൂചന.
ഇംദാദ് നൽകിയ വിഡിയോയിൽ ‘ഞങ്ങൾ’ എന്നു പറയുന്നതോടെ അയാളും കോവിഡ് രോഗിയായി പ്രഖ്യാപിച്ചുവെന്നതാണ് ആൾമാറാട്ട കേസിന് കാരണം. എന്നാൽ, പരാതിയിൽ ഏഴ് പേരുകൾ ഇംദാദ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിൽ ഇംദാദ് ഇല്ല.
ഏപ്രിൽ 12നാണ് ഇംദാദിെൻറ ബന്ധുക്കൾ ഉൾപ്പെടെ ഏഴുപേർ ജനറൽ ആശുപത്രിയിൽനിന്ന് രോഗമുക്തരായി ക്വാറൻറീനിൽ പ്രവേശിച്ചത്. 25ന് കോവിഡ് മുക്ത സർട്ടിഫിക്കറ്റിന് ഏഴുപേരും ഇംദാദും ആശുപത്രിയിൽ എത്തി. തങ്ങളുടെ രോഗവിവരങ്ങൾ തിരക്കി സ്വകാര്യ ആശുപത്രികളിൽ നിന്ന് ഫോണുകൾ വന്നകാര്യം ആർ.എം.ഒയെ അറിയിച്ചു.
വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ഡി.എം.ഒക്ക് കൈമാറിയിട്ടുണ്ടെന്നും ആർ.എം.ഒ വ്യക്തമാക്കി. 27ന് ഇംദാദ് സ്വന്തം മെയിലിൽ നിന്ന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി അയച്ചു. അതിൽ രോഗികളായ ഏഴുപേരുടെ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. പരിശോധിച്ചുവരുകയാണെന്ന് മറുപടിയും ലഭിച്ചു.
സാധാരണഗതിയിൽ അവിടെ അവസാനിക്കേണ്ട വിഷയം 29ന് ഇംദാദിനെതിരെ കേസെടുത്ത് ഉയർത്തിക്കൊണ്ടുവരുകയായിരുന്നു. 30ന് പ്രതിദിന വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി, യുവാവിെൻറ പേരെടുത്ത് പറയുകയും ചെയ്തു. ഇംദാദ് തങ്ങൾക്ക് വേണ്ടിയാണ് പരാതി നൽകിയതെന്ന് രോഗമുക്തർ പ്രഖ്യാപിച്ചതോടെ സർക്കാർ വാദത്തിെൻറ അടിത്തറ പൊളിയുകയാണ്.
കേസിനെതിരെ ഹൈകോടതിയെ സമീപിക്കും –ഇംദാദ്
കാസർകോട്: താൻ കോവിഡ് രോഗിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന്, രോഗികളുടെ ഡാറ്റ ചോർന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ച പള്ളിക്കര പള്ളിപ്പുഴയിലെ ഇംദാദ് വ്യക്തമാക്കി. കേസിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഇംദാദ് പറഞ്ഞു. തെൻറ ബന്ധുക്കളുൾപ്പെടെയുള്ള ഏഴു കോവിഡ് രോഗികൾ കാസർകോട് ജനറൽ ആശുപത്രിയിലുണ്ടായിരുന്നു.
അവർക്ക് അവരുടെ രോഗവിവരങ്ങൾ ചോദിച്ചും തുടർചികിത്സ നിർദേശിച്ചും ഫോണുകൾ വന്നു. അക്കാര്യം തന്നോട് പറഞ്ഞു. താൻ ഇ-മെയിലായി മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി പരിശോധിച്ചുവരുകയാണെന്ന് മറുപടി ലഭിച്ചു. പിന്നാലെയാണ് ബേക്കൽ പൊലീസ് കേസെടുക്കുകയും തെൻറ പേര് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറയുകയും ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.