പാലക്കാട്: ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാൻ ഐ.എം.എ പാലക്കാട് എല്ലാ അംഗങ്ങൾക്കും കുരുമുളക് സ്പ്രേ നൽകും. കേരളത്തിൽ ആദ്യമായാണ് ഡോക്ടർമാരുടെ സംഘടന ഇത് നടപ്പാക്കുന്നതെന്ന് ഐ.എം.എ ജില്ല പ്രസിഡന്റ് ഡോ. സത്യജിത്ത് പറഞ്ഞു.
ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ സ്വയം പ്രതിരോധത്തിനായാണിത്. അടുത്തയാഴ്ച ബ്രാഞ്ച് ഓഫിസിൽ നിന്ന് എല്ലാ അംഗങ്ങൾക്കും കുരുമുളക് സ്പ്രേ യൂനിറ്റുകൾ വിതരണം ചെയ്യുമെന്നും രാജ്യവ്യാപക ചർച്ചക്ക് ഈ നടപടി തുടക്കമിടുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
കോഴിക്കോട്: ഡോക്ടർക്ക് വെട്ടേറ്റതിനെത്തുടർന്ന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ച് സമരം തുടരുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് 24 മണിക്കൂറും പൊലീസ് സംരക്ഷണം നൽകാമെന്ന് ജില്ല കലക്ടറുടെ ഉറപ്പ്. ആശുപത്രിയിൽ ഉടൻ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാമെന്നും അതുവരെ മുഴുവൻ സമയവും പൊലീസ് സംരക്ഷണം ഉറപ്പുവരുത്താമെന്നുമാണ് കലക്ടർ സ്നേഹിൽ കുമാർസിങ് വാക്കാൽ ഉറപ്പുനൽകിയത്.
ഡോക്ടർമാർ ഉടൻ സമരം അവസാനിപ്പിച്ച് ആശുപത്രി സർവിസ് പുനരാരംഭിക്കണമെന്നും രേഖാമൂലമുള്ള ഉറപ്പ് ശനിയാഴ്ച നൽകാമെന്നും കലക്ടർ അറിയിച്ചു. ഇതുപ്രകാരം ഡി.എം.ഒ വിവരം കെ.ജി.എം.ഒ.എ ഭാരവാഹികളെ അറിയിക്കുകയും സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ചയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് വെട്ടേറ്റത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വാടിവാൾ ഉപയോഗിച്ച് വെട്ടിയത്. എന്നാൽ, കലക്ടറുടെ നിർദേശത്തോട് കെ.ജി.എം.ഒ.എ പ്രതികരിച്ചിട്ടില്ല. ആക്രമണവിഷയത്തിൽ ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.