അനധികൃത സ്വത്ത്: ഷാജി നൽകിയ രേഖകളിൽ ചിലത് വ്യാജമെന്ന്
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഹാജരാക്കിയ രേഖകളിൽ ചിലത് വ്യാജമെന്ന സംശയത്തിൽ അന്വേഷണസംഘം. മൊഴിയിലും രേഖകളിലും വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഷാജിയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് വിജിലൻസ് ഈ നിഗമനത്തിൽ എത്തിയത്.
തുടർച്ചയായി രണ്ടാം ദിനമായ വ്യാഴാഴ്ചയും രാവിലെ പത്തര മുതൽ ഉച്ചവരെ തൊണ്ടയാട്ടെ വിജിലൻസ് ഓഫിസിൽ എസ്.പി എസ്. ശശിധരെൻറ നേതൃത്വത്തിൽ ഷാജിയെ ചോദ്യം ചെയ്തു. കണ്ണൂരിലെ വീട്ടിൽനിന്ന് പിടിച്ച 47 ലക്ഷം രൂപയുടെ സ്രോതസ്സായി കാണിച്ചത് തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് രശീതിയും അതിെൻറ കൗണ്ടർ ഫോയിലുകളുമാണ്. ഇവയാണ് പ്രധാനമായും വ്യാജമെന്ന് അന്വേഷണ സംഘം സംശയിക്കുന്നത്. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥിയായ ഷാജിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുടെ മൊഴിയെടുക്കാനും സംഘം തീരുമാനിച്ചതായാണ് വിവരം.ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് നൽകിയ രേഖകളിൽ ചിലതിെൻറ ആധികാരികത ഉറപ്പാക്കാൻ സർക്കാർ ഓഫിസുകളിലുള്ള ചില റെക്കോഡുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്.
രേഖ വ്യാജമെന്ന് തെളിഞ്ഞാൽ വ്യാജരേഖ ചമക്കലടക്കം കുറ്റം ചുമത്തി ഷാജിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ആഡംബര വീട് പണിത മാലൂർക്കുന്നിലെ ഭൂമി വാങ്ങിയതിലടക്കമുള്ള ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഷാജിയുടെ ഭാര്യ ആശയെയും ചോദ്യം ചെയ്യും.
എം.എൽ.എയായിരിക്കെ കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിച്ചുകിട്ടാൻ ഷാജി സ്കൂൾ മാനേജ്മെൻറിൽനിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതായി ആരോപണം ഉയർന്നതോടെയാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.