പ്രിയദർശിനി സർവിസുകൾ മുതൽ സമയക്രമം വരെ; സ്വകാര്യ ബസ് ഉടമ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കാൻ നാലംഗ സമിതി

തിരുവനന്തപുരം: ബസ് സർവിസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട പരാതികളും പ്രിയദർശിനി സർവിസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളും പഠിക്കാൻ നാലംഗ സമിതിക്ക് രൂപംനൽകി സർക്കാർ. ഒന്നര മാസത്തിനുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) അംഗം കെ. സുരേഷ് ബാബുവാണു ചെയർമാനായ സമിതിയിൽ, സീനിയർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ സി.വി.എം.ഷെരീഫാണ് കൺവീനർ. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (ഓപറേഷൻസ്) ജി.പി. പ്രദീപ് കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫിസർ ആർ.ജെ. സഞ്ജയ് എന്നിവരാണ് അംഗങ്ങൾ.

റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഒരേ റൂട്ടിൽ ഒരേ സമയം സർവിസ് നടത്തുന്ന ‘ഓവർലാപ്പിങ്ങും’ സമിതി പരിശോധിക്കും.

അതേസമയം, പ്രിയദർശിനി പദ്ധതിക്കു മുമ്പും സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ എണ്ണത്തിൽ കുറവു വന്നതായി കണക്കുകളുണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ പറഞ്ഞു. സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസമായി ഈ സർക്കാർ നികുതി ഇളവ് അനുവദിച്ചിട്ടുണ്ടെന്നും എൻ.കെ. അക്ബറിന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകൾ പാട്ടത്തിനെടുത്ത് ഓടിക്കുന്നത് പരിഗണനയിലുണ്ടെന്നും കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സിയിലെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതും ഓർഡിനറി സർവിസ് ഇല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കുന്നതും നിലവിൽ സർക്കാറിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി അറിയിച്ചു. ഓർഡിനറി ബസുകൾ കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് ബസ് സർവിസ് കുറഞ്ഞ സ്ഥലങ്ങളിലേക്കു പുനഃക്രമീകരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.