തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ. വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ സതീശൻ അത് ചെയ്യേണ്ടിവരുമെന്നും സുധാകരൻ പറഞ്ഞു.
പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു. നേരത്തെ, തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൂറ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. ‘സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്. സതീശൻ അത്തരത്തിൽ വനവാസത്തിന് പോകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർഥിക്കാം’ -സുധാകരൻ പറഞ്ഞു. സുധാകരൻ പരിഹാസ രൂപേണ പ്രതികരിച്ചതാണോ, അല്ലയോ എന്ന ചർച്ചയും നടക്കുന്നുണ്ട്.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണാനുള്ള ആഗ്രഹം സുധാകരന്‍ വീണ്ടും ആവര്‍ത്തിച്ചു. മുമ്പ് പ്രകടിപ്പിച്ച ആഗ്രഹത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ഒരു നേതാവിന്റെ പേര് ഒരു പോസ്റ്റിലേക്ക് പറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നേതാവായി താന്‍ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ടെന്നും ആ പേരില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയത്തില്‍ അത്തരം പ്രവചനങ്ങള്‍ ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
സംസ്ഥാനത്ത് എല്ലായിടത്തും യു.ഡി.എഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തുമെന്നും സതീശൻ ഇന്നലെയും ആവർത്തിച്ചിരുന്നു. സര്‍ക്കാറിന് എതിരായ അതിശക്തമായ പ്രതിഷേധവും യു.ഡി.എഫിനെ കുറിച്ചുള്ള പ്രതീക്ഷകളും ജനങ്ങള്‍ക്കിടയിലുണ്ട്. യു.ഡി.എഫ് വന്നാല്‍ കേരളത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ജനങ്ങളിലുണ്ട്. തങ്ങള്‍ ഈ സര്‍ക്കാറിന് എതിരെ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങള്‍ അവരുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് ഈ സര്‍ക്കാരിനെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വ്യത്യസ്തമായ പ്രതികരണമാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് രമേശ് ചെന്നിത്തല നടത്തിയത്. രാഷ്ട്രീയ വനവാസം എന്നതുകൊണ്ട് വി.ഡി. സതീശന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അധികാരം നേടുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.