മന്ത്രി ഇടപെടേണ്ടതാണെങ്കിൽ മന്ത്രി തന്നെ ഇടപെടും, വി.ഡി സതീശന് മറുപടിയുമായി കെ.രാജൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമർശനങ്ങൾക്ക് ഉത്തരം നൽകി റവന്യൂ മന്ത്രി കെ.രാജൻ. ഉദ്യോഗസ്ഥക്കെതിരായ നടപടി താൻ അറിഞ്ഞില്ലെന്ന് ആവര്‍ത്തിച്ച കെ. രാജൻ, മന്ത്രി ഇടപെടേണ്ട പ്രശ്നമുണ്ടെങ്കിൽ ഇടപെടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ വിവരാവകാശ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് നീക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിനെയും സര്‍ക്കാറിനെയും വി.ഡി സതീശന്‍ വിമർശിച്ചിരുന്നു. വകുപ്പില്‍ നടക്കുന്നത് മന്ത്രി അറിയുന്നുണ്ടോയെന്നും അതോ ആ വകുപ്പിന്റെ സൂപ്പര്‍ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂര്‍ണമായി അടിയറ വെച്ചോ എന്നുമായിരുന്നു സതീശന്‍റെ വിമർശനം.

മുഖ്യമന്ത്രിയോ മന്ത്രിമാരോ അറിയേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ബന്ധപ്പെട്ട ഫയലുകൾ മന്ത്രിമാരുടെ മുന്നിലേക്ക് വരാറുള്ളൂ. പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് അങ്ങനെ സംസാരിച്ചതെന്ന് അറിയില്ല. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ നടക്കുന്ന പ്രക്രിയയിൽ ഇടപെടേണ്ട കാര്യമുണ്ടായിട്ടില്ല. റവന്യൂ വകുപ്പ് മന്ത്രി ഇടപെടേണ്ട പ്രശ്നമാണെങ്കിൽ മന്ത്രി തന്നെ ഇടപെടും. അതിന് ഒരു പ്രയാസവുമില്ല. ആ അധികാരത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.- കെ. രാജൻ പറഞ്ഞു.

ഇപ്പോൾ സർക്കാറിന്‍റെ നിയന്ത്രണത്തിൽ തന്നെയാണ് കാര്യങ്ങൾ നടക്കുന്നത്. സർക്കാറിന്‍റെ അധികാരം ലംഘിക്കുകയോ സർക്കാറെടുക്കേണ്ട തീരുമാനം മറ്റാരെങ്കിലും എടുക്കുകയോ ചെയ്താൽ അതിനെതിരെ നടപടിയെടുക്കും. അണ്ടർ സെക്രട്ടറിയുടെ കാര്യം സാധാരണ ഗതിയിൽ മന്ത്രിയുടെ ശ്രദ്ധയിൽ പെടേണ്ട കാര്യമില്ലെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. 

വിവാദമായ മരം മുറി സംഭവത്തിന്റെ ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ സംഭവത്തിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകായിരുന്നു ഒ.ജി ശാലിനിക്കെതിരെ നടപടി സ്വീകരിച്ചത്. ആഭ്യന്തര പരിശോധനയില്‍ ശാലിനിക്ക് ഗുഡ് സര്‍വീസ് നല്‍കാനുള്ള ഉദ്യോഗസ്ഥയല്ലെന്ന് തെളിഞ്ഞതായി റവന്യു സെക്രട്ടറി പ്രതികരിച്ചിരുന്നു. മരം മുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ശാലിനി ഫയലുകളുടെ പകര്‍പ്പ് നല്‍കിയതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

Tags:    
News Summary - If the minister has to intervene, the minister himself will intervene. K Rajan's reply to VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.